ഐറണി തൂങ്ങിമരിച്ചു! 'കള്ളപ്പണവും അഴിമതിയും കാണുമ്പോൾ ഹൃദയം പൊട്ടുന്നു' -അന്ന് സാഹു കുറിച്ചു

By Web Team  |  First Published Dec 11, 2023, 10:32 AM IST

വിവാദത്തിൽ കോൺ​ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടിയുമായി ബന്ധമില്ലെന്നും പണത്തിന്റെ ഉറവിടം എംപി തന്നെ വിശദീകരിക്കണമെന്നുമാണ് കോൺ​ഗ്രസ് നിലപാട്.


ദില്ലി: കള്ളപ്പണത്തെക്കുറിച്ച് കോൺ​ഗ്രസ് എംപി ധീരജ് സാഹു മുമ്പെഴുതിയ ട്വീറ്റ് വൈറലാകുന്നു. സാഹുവിൽ നിന്ന് ഇതുവരെ 315 കോടി രൂപയുടെ കള്ളപ്പണമാണ് ആദായനികുതി വകുപ്പ് പിടികൂടിയത്. ഈ സാഹചര്യത്തിലാണ് സാഹുവിന്റെ കഴിഞ്ഞ വർഷത്തെ ട്വീറ്റ് വൈറലാകുന്നത്. 2022 ആഗസ്റ്റ് 12നായിരുന്നു സാഹുവിന്റെ പോസ്റ്റ്. നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോൾ എന്റെ ഹൃദയം സങ്കടപ്പെടുന്നു. ആളുകൾ എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം കുമിഞ്ഞുകൂടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാൻ കഴിയുമെങ്കിൽ അത് കോൺഗ്രസിന് മാത്രമാണെന്നും അദ്ദേഹം കുറിച്ചു. 

സാഹുവിന്റെ പോസ്‌റ്റിന്റെ സ്‌ക്രീൻഷോട്ട് ബിജെപിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് പുറത്തുവിട്ടത്.  സാഹുവുമായി ബന്ധപ്പെട്ട ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലെയും ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയുടെ ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. അഞ്ച് ദിവസമായി തുടരുന്ന റെയ്ഡിൽ 351 കോടി രൂപ പിടിച്ചെടുത്തു. ഡിസ്റ്റിലറി ധീരജ് സാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. നേരത്തെ, ജാർഖണ്ഡിലെ എംപിയുടെ വസതികളിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയിരുന്നു.

Latest Videos

undefined

അതേസമയം, വിവാദത്തിൽ കോൺ​ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടിയുമായി ബന്ധമില്ലെന്നും പണത്തിന്റെ ഉറവിടം എംപി തന്നെ വിശദീകരിക്കണമെന്നുമാണ് കോൺ​ഗ്രസ് നിലപാട്. രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണം പിടിച്ചെടുക്കലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺ​ഗ്രസിനെ വിമർശിച്ചിരുന്നു.

ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത കള്ളപ്പണം എണ്ണി തീർത്തെന്ന് ഐടി അധികൃതര്‍ അറിയിച്ചു. 351 കോടി രൂപയാണ് ഐടി റെയ്ഡിൽ കണ്ടെത്തിയത്. അഞ്ച് ദിവസം കൊണ്ടാണ് നോട്ടെണ്ണൽ പൂർത്തിയാക്കാനായത്. ഒഡീഷയിലെ രണ്ട് എസ്ബിഐ ബ്രാഞ്ചുകളിലായി 3 ഡസൻ നോട്ടെണ്ണൽ യന്ത്രങ്ങളുപയോ​ഗിച്ചാണ് പണം എണ്ണിത്തീര്‍ത്തത്. പണം 200 ബാഗുകളിലാക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. അതിനിടെ, എംപിയെ കുറ്റപ്പെടുത്തി ഒഡീഷയിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

click me!