രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്റെ പേരും സിപി ജോഷി എന്ന് തന്നെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് പ്രതീക്ഷിക്കുന്ന ബിജെപി നേതാവായ രമേശ് കുമാർ കോലി എന്ന നേതാവാണ് ഫ്ലക്സ് തയ്യാറാക്കിയത്.
ജയ്പൂർ: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ബിജെപി സ്ഥാപിച്ച പോസ്റ്റർ വിവാദമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർക്ക് നടുവിൽ കോൺഗ്രസ് നേതാവും സ്പീക്കറുമായ സി പി ജോഷിയുടെ ചിത്രവുമായി അച്ചടിച്ച ഫ്ലക്സാണ് വിവാദമായത്. ഓട്ടോക്ക് പുറത്ത് ഒട്ടിച്ച ഫ്ലക്സ് സോഷ്യൽമീഡിയയിൽ വൈറലായതോടെ ചർച്ചയാകുകയായിരുന്നു. ബിജെപി നേതാവിന് സംഭവിച്ച അമളിയാണ് ഫ്ലക്സിൽ കോൺഗ്രസ് നേതാവിന്റെ ചിത്രം വരാൻ കാരണം.
രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്റെ പേരും സിപി ജോഷി എന്ന് തന്നെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് പ്രതീക്ഷിക്കുന്ന ബിജെപി നേതാവായ രമേശ് കുമാർ കോലി എന്ന നേതാവാണ് ഫ്ലക്സ് തയ്യാറാക്കിയത്. അദ്ദേഹം സ്ഥാപിച്ച ബാനറിൽ സംസ്ഥാന ബിജെപി അധ്യക്ഷനായ സി പി ജോഷിയുടെ ചിത്രത്തിന് പകരം കോൺഗ്രസ് നേതാവായ സി പി ജോഷിയുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു. ചിത്രം വൈറലായതോടെ ബാനറുകൾ നീക്കി.
undefined
പ്രിന്റിങ് പ്രസിൽ നിന്ന് വന്ന പിഴവാണ് സംഭവത്തിന് കാരണമെന്ന് ബിജെപി നേതാവ് കോലി പറഞ്ഞു. അബദ്ധവശാൽ, ബിജെപിയുടെ സി പി ജോഷിയുടെ സ്ഥാനത്ത് കോൺഗ്രസിന്റെ സി പി ജോഷിയുടെ ഫോട്ടോ അച്ചടിച്ചു. രണ്ട് ദിവസമായി താൻ സ്ഥലത്തുണ്ടായിരുന്നില്ല. ശ്രദ്ധയിൽപ്പെട്ടയുടൻ ബാനറുകൾ നീക്കം ചെയ്തെന്നും നേതാവ് പറഞ്ഞു. സിരോഹിയിലെ റിയോദാർ സീറ്റിൽ നിന്നാണ് ടിക്കറ്റ് തേടുന്നതെന്ന് കോലി കൂട്ടിച്ചേർത്തു. ബിജെപിയുടെ ജഗ്‌സി റാം ആണ് ഈ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ. മാർച്ചിൽ സംസ്ഥാന പാർട്ടി അധ്യക്ഷനായി നിയമിതനായ ബിജെപിയുടെ സി പി ജോഷി ചിറ്റോർഗഡ് എംപിയാണ്.
Read More.... സൈലന്റ് അറ്റാക്ക് 3 തവണ, ആരും അറിഞ്ഞില്ല; ആലുവയിൽ കോൺഗ്രസ് നേതാവിന്റെ മരണ കാരണം ഹൃദയാഘാതം
കോൺഗ്രസിന്റെ സി പി ജോഷി നാഥ്ദ്വാര എംഎൽഎയാണ്. പോസ്റ്ററിൽ ചിത്രം മാറിയതിൽ ബിജെപിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ നാട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും അറിയില്ലെന്നും അതുകൊണ്ടാണ് കോൺഗ്രസ് നേതാവിന്റെ ചിത്രം ഉപയോഗിച്ചതെന്നും കോൺഗ്രസ് നേതാവ് ഭവാനി സിംഗ് ഭട്ടാന പറഞ്ഞു.