തമാശയെന്ന രീതിയില്‍ പലരും ഈ വീഡിയോ പങ്കുവെച്ചെങ്കിലും ഒരു മാധ്യമ സ്ഥാപനത്തിന്‍റെ പ്രൊഫഷണലിസത്തിന് ചേര്‍ന്നതല്ല ഇത്തരം കാര്യങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലണ്ടൻ: ലൈവായി വാർത്ത വായിക്കുന്നതിനിടെ നടുവിരൽ ഉയര്‍ത്തിക്കാട്ടിയതിന്‍റെ വീഡിയോ വൈറല്‍ ആയതോടെ മാപ്പ് പറഞ്ഞ് അവതാരക. ബിബിസിയില്‍ വാർത്ത വായിക്കുന്നതിനിടെ അവതാരക മറിയം മൊഷിരി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
തമാശയെന്ന രീതിയില്‍ പലരും ഈ വീഡിയോ പങ്കുവെച്ചെങ്കിലും ഒരു മാധ്യമ സ്ഥാപനത്തിന്‍റെ പ്രൊഫഷണലിസത്തിന് ചേര്‍ന്നതല്ല ഇത്തരം കാര്യങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മറിയം ഖേദപ്രകടനം നടത്തിയത്. വീഡിയോ ലൈവ് ആയെന്ന് അറിയാതെ ക്യാമറയില്‍ നോക്കി മറിയം നടുവിരല്‍ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍, ലൈവ് ആണെന്ന് ഉടൻ തന്നെ മറിയം തിരിച്ചറിയുകയും ചെയ്തു.
'' ഗാലറിയിലെ ടീമുമായി കുറച്ച് തമാശ പറയുകയായിരുന്നു. ലൈവ് തുടങ്ങുന്നതിന് മുമ്പ് ഡയറക്‌ടർ 10 മുതല്‍ 0 വരെ എണ്ണുന്നത് പോലെ ഞാൻ നടിച്ചു. നമ്പർ കാണിക്കാനാണ് വിരലുകൾ ഉയര്‍ത്തിയത്. അങ്ങനെ 10 മുതല്‍ ഒന്ന് വരെ വിരല്‍ ഉയര്‍ത്തി കാണിച്ചു. ഒന്ന് എത്തിയപ്പോള്‍ തമാശയായാണ് അങ്ങനെ വിരല്‍ കാണിച്ചത്. ഇത് ക്യാമറയിൽ വരുന്നത് അറിഞ്ഞിരുന്നില്ല. ടീമുമായുള്ള ഒരു സ്വകാര്യ തമാശയായിരുന്നു. അത് സംപ്രേഷണം ചെയ്യപ്പെട്ടതില്‍ ഖേദിക്കുന്നു. ഞാൻ ആരെയെങ്കിലും വ്രണപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു'' - മറിയം എക്സില്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം