മിലന്റെ അധ്യാപകനായ പ്രവീൺ എം കുമാർ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൊടകര, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് മിലൻ.
തിരുവനന്തപുരം: 'ആകാശമായവളെ' പാടി വൈറലാകുന്ന മിലന് ഗായകൻ ഷഹബാസ് അമന്റെ അഭിനന്ദനക്കുറിപ്പ്. ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ് എട്ടാം ക്ലാസുകാരൻ മിലന്റെ പാട്ട്. വെള്ളം എന്ന സിനിമയിൽ ഷഹബാസ് അമൻ പാടിയ 'ആകാശമായവളെ' എന്ന പാട്ടാണ് ക്ലാസ് മുറിയിൽ, സഹപാഠികളുടെ മുന്നിൽ നിന്ന് മിലൻ പാടുന്നത്. മിലന്റെ അധ്യാപകനായ പ്രവീൺ എം കുമാർ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൊടകര, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് മിലൻ.
വീഡിയോയ്ക്കൊപ്പം പ്രവീൺ ഇങ്ങനെ കുറിച്ചു, 'ഇന്ന് ക്ലാസ്സിൽ ആരെങ്കിലും ഒരു പാട്ട് പാടൂന്ന് പറഞ്ഞപ്പോഴേക്കും. അരികിൽ വന്ന് നിന്ന് " ആകാശമായവളെ "! പാട്ട് പാടിയ മിലൻ എന്ന എന്റെ ഈ വിദ്യാർത്ഥി. ഇന്നത്തെ ദിവസം കൂടുതൽ സന്തോഷം നൽകി.' വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി. കേട്ടവരെല്ലാം പിന്നെയും പിന്നെയും ഈ പാട്ട് കേട്ടു, പങ്കുവെച്ചു. ഒടുവിൽ ഗായകൻ ഷഹബാസ് അമനിലേക്കും മിലന്റെ പാട്ടെത്തി. പാട്ടുകാരന് അഭിനന്ദനവുമായി യഥാർത്ഥ ഗായകനെത്തി
''നന്ദി പ്രവീൺ ജി.. മിലൻ ,എത്ര ഹൃദ്യമായാണു "ആകാശമായവളേ.." പാടുന്നത്? ഉള്ളിൽ തട്ടുന്നു...! എത്ര ശ്രദ്ധയോടെയാണു കൂട്ടുകാർ മിലനെ കേൾക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്..വളരെ,വളരേ സന്തോഷം തോന്നുന്നു... ! കൂടെ , സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട് ! ഹൃദയം നിറഞ്ഞ് കവിയുന്നു.. കുട്ടിക്കാലത്ത് ഇത് പോലെ സ്വന്തം മനസ്സിൽ അറിയാതെ പതിഞ്ഞു പോയ വാക്കുകളാണല്ലൊ പാടിയിരുന്നത് എന്ന ഓർമ്മ അതിൽ നനഞ്ഞ് കുതിരുന്നു...നന്ദി മിലൻ..നിറയേ നിറയേ സ്നേഹം.. '' ഷഹബാസ് അമന്റെ അഭിനന്ദനക്കുറിപ്പിങ്ങനെ. പാട്ടിന് സംഗീതം നൽകിയ ബിജിപാലും മിലന്റെ വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിക്കുന്നുണ്ട്. നിരവധി പേരാണ് മിലന്റെ പാട്ടിനെ അഭിനന്ദിക്കുന്നത്. ഇതുവരെ നാലായിരത്തിനടുത്ത് ഷെയറും ആറായിരത്തിനടുത്ത് ലൈക്കുകളും നേടി ഈ വീഡിയോ.