പ്രദേശവാസികളായ ചിലർ ഇടയ്ക്ക് ഭക്ഷണം നൽകിയതാവാം നായയുടെ അതിജീവനത്തിന് സഹായിച്ചതെന്നാണ് വിലയിരുത്തൽ
സസെക്സ്: വീട്ടുകാർക്കൊപ്പം ട്രെക്കിങ്ങിനായി കാട്ടിലെത്തി വഴി തെറ്റി കുടുങ്ങിയ നായയെ 6 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ആറര വർഷത്തോളം കാട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞ നായ അപ്രതീക്ഷിതമായാണ് അനിമൽ റെസ്ക്യൂ പ്രവർത്തകർക്ക് മുന്നിലേക്ക് എത്തിയത്. ഇംഗ്ലണ്ടിലെ പശ്ചിമ സസെക്സിലാണ് സംഭവം. കാടിനോട് സമീപത്തെ ഗ്രാമത്തിൽ എത്തിയ നായയേക്കുറിച്ച് നാട്ടുകാരാണ് അനിമൽ റെസ്ക്യൂ പ്രവർത്തകരെ അറിയിക്കുന്നത്.
ഇവരാണ് ചിത്രങ്ങളിൽ നിന്ന് നായ വർഷങ്ങൾക്ക് മുന്‍പ് കാണാതായ റോസ് ആണെന്ന് മനസിലാക്കുന്നത്. ലോസ്റ്റ് ഡോഗ് റിക്കവറി എന്ന ഗ്രൂപ്പിലെ വോളണ്ടിയർമാരാണ് നായയെ കാട്ടിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്. നവംബർ അവസാന വാരം കണ്ടെത്തിയ നായയെ ഏറെ ദിവസങ്ങളുടെ പരിശ്രമ ഫലമായാണ് കാടിന് പുറത്തേക്ക് എത്തിച്ചത്. കാത്തിരുന്ന് നായയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നൽകി അടുപ്പം സ്ഥാപിച്ച ശേഷം കഴിഞ്ഞ ദിവസമാണ് രക്ഷിച്ചത്. പ്രദേശവാസികളായ ചിലർ ഇടയ്ക്ക് ഭക്ഷണം നൽകിയതാവാം നായയുടെ അതിജീവനത്തിന് സഹായിച്ചതെന്നാണ് വിലയിരുത്തൽ.
undefined
നായയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ മൈക്രോ ചിപ്പാണ് നായയുടെ മറ്റ് വിവരങ്ങൾ കണ്ടെത്താന്‍ സഹായിച്ചത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 12 വയസ് പ്രായമുള്ള ടെറിയർ ഇനത്തിലുള്ളതാണ് റോസ്. റോസിന്റെ ഉടമകളെന്ന് അവകാശപ്പെട്ട് വീട്ടുകാർ ഇതിനോടകം സംഘടനയെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ റോസിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാനാവാത്ത സാഹചര്യമാണ് നിലവിൽ ഉടമകൾക്ക് എന്നതിനാൽ നായയെ ദത്ത് നൽകാനുള്ള നീക്കത്തിലാണ് സംഘടനയുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം