തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടും.
തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. ഇന്ന് ഓടിത്തുടങ്ങിയ ട്രെയിനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടും. 06050 എന്ന നമ്പറിലുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 01.20ന് ചെന്നൈയിലെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ഠൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്.
തിരികെ 06049 നമ്പറിലുള്ള ചെന്നൈ - തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് 01.40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ഠൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.