കാസര്‍കോട് ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്.
കാസര്‍കോട്: കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന കാസര്‍കോട്ടെ സിപിഎം നേതാവിന്‍റെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സിപിഎം നേതാവ് വി പി പി മുസ്തഫയുടെ പ്രസംഗത്തിന്‍രെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാണ് മുസ്തഫ ഒരു പ്രസംഗത്തില്‍ കൊലവിളി നടത്തുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വി പി പി മുസ്തഫ. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്.
''പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്‍റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും'' - മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.