കൊച്ചി: പാഠപുസ്തക വിതരണത്തില്‍ വീണ്ടും അവ്യക്തത. ഏതു ജില്ലയിലേക്കാണു പുസ്തകങ്ങള്‍ എത്തിക്കേണ്ടതെന്നു സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമല്ലെന്നു കെബിപിഎസ് പറയുന്നു. ഇതിനാല്‍ അച്ചടി പൂര്‍ത്തിയായാലും വിതരണം വൈകുമെന്ന് കെബിപിഎസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വിവിധ ക്ലാസുകളിലേക്കായി 64003 പുസ്തകം അച്ചടിക്കാന്‍ പാഠപുസ്തക ഓഫീസറുടെ ഉത്തരവ് കെബിപിഎസിന് ലഭിച്ചത്.
കെബിപിഎസില്‍ പുസ്തകങ്ങളുടെ അച്ചടി ഇന്നല രാത്രി തന്നെ തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എന്നാല്‍, ഏതു സ്‌കൂളില്‍ എത്ര പുസ്തകങ്ങള്‍ എത്തിക്കണമെന്ന യാതൊരു അറിയിപ്പും കെബിപിഎസിന് ഇതുവരെ കിട്ടിയിട്ടില്ല. ഇതു കിട്ടിയാല്‍ മാത്രമേ , അതാതു ജില്ലാ ഡിപ്പോകളിലേക്ക് പുസ്തകങ്ങള്‍ മാറ്റാന്‍ കഴിയൂ. നിര്‍ദ്ദേശം ഇനിയും കിട്ടിയില്ലെങ്കില്‍ അച്ചടി പൂര്‍ത്തിയായാലും പുസ്തകങ്ങള്‍ കെബിപിഎസില്‍ തന്നെ കെട്ടികിടക്കാനാണു സാധ്യത.
ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലേക്കായി വിവിധ വിഷയങ്ങളുടെ 21 മുതല്‍ 8400 പുസ്തകങ്ങള്‍ വരെയാണ് അച്ചടിക്കേണ്ടത്. രണ്ടാം ടേമിലെ പുസ്തകങ്ങളുടെ അച്ചടി നിര്‍ത്തിവച്ചാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. ഇതുമൂലം അടുത്ത ടേമിലെ പുസ്തക വിതരണവും താളം തെറ്റിയേക്കാം.
ഇപ്പോഴത്തെ ഉത്തരവ് കെബിപിഎസിനു സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയിരിക്കുന്നു. 21 പുസ്തകത്തിന്റെയും 8000 പുസ്തകത്തിന്റെ അച്ചടിക്ക് ഒരേ ചെലവാണ് വരുന്നത്.