പാലക്കാട്ട് പ്രധാനാധ്യാപിക പത്തുവയസുകാരന്റെ മുഖത്തടിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുഖത്തടിയേറ്റ അഞ്ചാം ക്ലാസുകാരന് പല്ലിനും ചെവിക്കും പരുക്കേറ്റിരുന്നു.
നഗരത്തിലെ എയിഡഡ് സ്കൂളിൽ ഇക്കഴിഞ്ഞ 23 നാണ് സംഭവം. കുട്ടികൾ വരാന്തയിലൂടെ ഓടിയെന്നതിന് സ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ അന്നാ മേരി ഇവരെ തടഞ്ഞുനിർത്തി മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ കുട്ടികളിൽ ഒരാൾക്ക് ചെവിക്ക് നീരും പല്ലിന് വേദനയും വന്നതോടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നാല് കുട്ടികളെ അടിച്ചെന്നും എന്നാലിത് മനപൂർവമല്ലെന്നുമാണ് കാരണമന്വേഷിച്ചു ചെന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് പ്രധാനാധ്യാപിക പറഞ്ഞത്. എന്നാൽ പിന്നീട് ഇവരിത് നിഷേധിച്ചിരുന്നു.
അധ്യാപികക്കെതിരെ നടപടിയെടുക്കാത്തതിനാൽ പൗരസമിതിയുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ സമരം നടത്തിയിരുന്നു. ജില്ലാ കളക്ടർക്കും ചൈൽഡ് ലൈനും പരാതി നൽകിയ ശേഷമാണ് ഇപ്പോൾ പ്രധാനാധ്യാപിക അന്ന മേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്. അന്വേഷണ വിധേയമായി ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.