തിരുവനന്തപുരം: നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് തീരുമാനത്തിനെതിരേ സംസ്ഥാനം. ആക്രമണകാരികളായ നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇന്നു പുറത്തിറക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിയമപരമായി ഉചിതമായ തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിനു തടസമില്ലെന്നു മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കണം. പുല്ലുവിളയില്‍ നായ്ക്കള്‍ കടിച്ചുകൊന്ന സിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. ഗുരുതരമായി കടിയേറ്റ ഡെയ്സിക്ക് 50000 രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് ആറു മാസത്തിനകം ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കും. അഞ്ചു മാസത്തിനകം എല്ലാവര്‍ക്കും പുതിയ റേഷന്‍കാര്‍ഡ് നല്‍കും. റേഷന്‍ മൊത്ത വ്യാപാര ഡിപ്പോകള്‍ ഒഴിവാക്കി പകരം താലൂക്ക്, ബ്ലോക്ക് തലങ്ങളില്‍ സര്‍ക്കാറിന്റെ സംഭരണ ശാലകള്‍ തുറക്കാനും തീരുമാനമായി.