2013 ആഗസ്റ്റ് 21 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ ആയി വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അന്ന് മുതല്‍ 2018 ആഗസ്റ്റ് വരെ മൊത്തം 951, 432 അപേക്ഷകള്‍ ലഭിച്ചു. സംസ്ഥാനത്തു നിന്ന് മാത്രം ഈ വര്‍ഷം ജൂലൈ വരെ 5019 അപേക്ഷകള്‍ ആണ് ഓണ്‍ലൈന്‍ ആയി ലഭിച്ചിട്ടുള്ളത്
ലോകത്തെ ഏറ്റവും മികച്ച നിയമങ്ങളില്‍ ഒന്നെന്നു പേരുകേട്ട വിവരാവകാശ നിയമം അതിന്‍റെ ശൈശവം പിന്നിടുമ്പോഴേക്കും തളരുന്ന കാഴ്ചയാണ് കാണാനാകുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുപ്പതു ദിവസത്തിനകം അപേക്ഷയില്‍ മറുപടി നല്‍കണം എന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴും പ്രധാനപ്പെട്ട പല വിവരങ്ങളും അറിയുന്നതിന് അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് അപേക്ഷകര്‍.
കേരളത്തില്‍ നിലവില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയിട്ടുള്ള അപേക്ഷകള്‍ക്ക് മുഴുവന്‍ മറുപടി ലഭിക്കാന്‍ ആറര വര്‍ഷം കാത്തിരിക്കണമെങ്കില്‍ പശ്ചിമ ബംഗാളില്‍ നിലവിലുള്ള അപേക്ഷകള്‍ക്ക് മറുപടി ലഭിക്കാന്‍ 34 വര്‍ഷം കാത്തിരിക്കേണ്ട അവസ്ഥയാണെന്നാണ് കോമണ്‍വെല്‍ത്ത് ഹ്യുമന്‍ റൈറ്റ്സ് ഇനീഷിയേറ്റീവ് (സി.എച്ച്.ആര്‍.ഐ) നടത്തിയ പഠനം പറയുന്നത്. കേരളത്തില്‍ മാത്രം നിലവില്‍ 14,506 പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് ആര്‍.ടി.ഐ ആക്ടിവിസ്റ്റും വക്കീലുമായ ഡി.ബി. ബിനു പറഞ്ഞു. ഇത് തീര്‍പ്പാക്കി കിട്ടുന്നതിനാണ് ആറര വര്‍ഷം കാത്തിരിക്കേണ്ടി വരിക.
വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷകള്‍ക്ക് മറുപടി ലഭിക്കാന്‍ കാലതാമസം നേരിടുന്നത് അപേക്ഷകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമായി. 2015-16 നെ അപേക്ഷിച്ച് 2016-17 കാലത്തു ആറ് ശതമാനം കുറവാണ് വിവരാവകാശ അപേക്ഷകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള 1950 പൊതു അധികാര സ്ഥാപനങ്ങളില്‍ 2016-17 കാലയളവില്‍ ലഭിച്ച അപേക്ഷകളില്‍ ആണ് ഇത്രയും കുറവുണ്ടായിട്ടുള്ളത്. ഈ കാലയളവില്‍ ഏറ്റവും അധികം അപേക്ഷകള്‍ ലഭിച്ചത് കേന്ദ്ര സര്‍ക്കാര്‍ ആഫീസുകളില്‍ ആണ്. തൊട്ടു പിന്നില്‍ മഹാരാഷ്ട്രയും കര്‍ണാടകയും.
2013 ആഗസ്റ്റ് 21 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ ആയി വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അന്ന് മുതല്‍ 2018 ആഗസ്റ്റ് വരെ മൊത്തം 951, 432 അപേക്ഷകള്‍ ലഭിച്ചു. സംസ്ഥാനത്തു നിന്ന് മാത്രം ഈ വര്‍ഷം ജൂലൈ വരെ 5019 അപേക്ഷകള്‍ ആണ് ഓണ്‍ലൈന്‍ ആയി ലഭിച്ചിട്ടുള്ളത്. എന്നാല്‍ സമ്പൂര്‍ണ്ണ സാക്ഷരതയും ഡിജിറ്റലൈസേഷനും അവകാശപ്പെടുന്ന കേരളം നിയമം നിലവില്‍ വന്നു 13 വര്‍ഷം കഴിഞ്ഞിട്ടും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം നടപ്പാക്കിയിട്ടില്ല.
വിവരാവകശ നിയമം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് പരാതികള്‍ വേഗത്തില്‍ തീര്‍പ്പാകുന്നില്ല എന്നത്. സംസ്ഥാന കമ്മീഷന് മുന്‍പില്‍ ഇതുവരെ ലഭിച്ച 42, 469 പരാതികളില്‍ 10, 527 അപ്പീലുകളും 3,979 പരാതികളും ഇനിയും തീര്‍പ്പുകല്‍പ്പിക്കപ്പെടാത്തതായുണ്ടെന്നു അഡ്വക്കേറ്റ് ഡി.ബി. ബിനു പറഞ്ഞു. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആകട്ടെ ശിക്ഷ വിധിച്ചത് നാലു ശതമാനം കേസുകളില്‍ മാത്രം. 2016-17 കാലയളവില്‍ പിഴയിനത്തില്‍ മാത്രം 1.29 കോടി രൂപയാണ് ലഭിച്ചത്.
ലോകത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ രണ്ടാമതു മികച്ചതെന്നു പേരുകേട്ട വിവരാവകാശ നിയമം 13 വര്‍ഷം പിന്നിടുമ്പോള്‍ 56 ആം സ്ഥാനത്താണ്. കേന്ദ്രത്തില്‍ വിവരാവകാശ കമ്മിഷണര്‍മാരുടെ സീറ്റുകളില്‍ മൂന്നില്‍ ഒന്ന് ഒഴിഞ്ഞു കിടക്കുകയാണ്. സംസ്ഥാന കമ്മീഷനുകളില്‍ ഇത് 25 ശതമാനത്തോളം വരും. കാര്യകാരണങ്ങള്‍ വിശദീകരിക്കാതെ ഒറ്റ വരിയില്‍ പരാതികള്‍ തീര്‍ക്കുന്നത് മുതല്‍ ആവശ്യത്തിനു കമ്മീഷണര്‍മാര്‍ ഇല്ലാത്തത് വരെ വിവരാവകാശ നിയമം ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിനു തടസം ആകുന്നു എന്നാണ് ബിനു പറയുന്നത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വിവരാവകാശ കമ്മീഷനുകളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതും പ്രശ്നത്തിന്‍റെ ആക്കം കൂട്ടുന്നു.