കടുത്ത നടപടിയുമായി റെയില്‍വേ; ശിവന്‍കുട്ടിയും ആനാവൂരും കുരുക്കില്‍

By C P Ajitha  |  First Published Jan 29, 2019, 1:30 PM IST

ട്രെയിൻ തടയൽ സമരത്തിനെതിരെ കർശന നിയമ നടപടിക്കാണ് റെയിൽവെ ഒരുങ്ങുന്നത്. നഷ്ടപരിഹാരം ഈടാക്കാൻ സിവിൽ കേസും ഉണ്ടാകും


തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസങ്ങളിൽ സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞ സിപിഎം നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. ട്രെയിൻ തടഞ്ഞവർക്കെതിരെ നിയമപ്രകാരം ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് റെയിൽവേയുടെ തീരുമാനമെന്ന് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ അറിയിച്ചു. ട്രെയിന്‍ ഉപരോധത്തെത്തുടര്‍ന്ന് റെയില്‍വേക്കുണ്ടായ സാമ്പത്തികനഷ്ടം ഈടാക്കാന്‍ സിവില്‍ കേസും പരിഗണനയിലാണ്.

ഈ മാസം 8,9 തീയതികളില്‍ ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകള്‍ തടഞ്ഞിരുന്നു. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടിയുമാണ് ട്രെയിന്‍ തടയലിന് നേൃതൃത്വം നല്‍കിയത്.ഉപരോധത്തെതുടര്‍ന്ന്  പല ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വേണാടക്കമുള്ള ചില ട്രെയിനുകള്‍ എറണാകുളത്ത് സര്‍വ്വീസ് അവസാനിപ്പിച്ചു.

Latest Videos

റിസര്‍വ്വ് ചെയ്ത നിരവധി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി. നൂറു കണക്കിന് യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കേണ്ടി വന്നു. ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഓരോ സ്റ്റേഷനിലും ഉണ്ടായത്. ഇതിന്‍റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ റെയില്‍വേ നിയമപ്രകാരം എടുത്തിട്ടുള്ള കേസിന് പുറമേയാണ് നഷ്ടപരിഹാരത്തിന് സിവില്‍ കേസും ആലോചിക്കുന്നത്.തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസമായി തടഞ്ഞത്. ആയിരക്കണക്കിനു പേർക്കെതിരെ കേസുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ഇവരെ തിരച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. 

click me!