രണ്ടാം ക്ലാസുകാരിയായ മകളും അഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു 34കാരിയായ ദിനിയ
ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയയ്ക്ക് കൈതാങ്ങ് നല്‍കി സ്വകാര്യ ബസ്. എംപാനല്‍ ജീവനക്കാരെ ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കണ്ടക്ടറായ ദിനിയയ്ക്ക് ജോലി നഷ്ടമായത്. പിരിച്ചുവിടല്‍ വാര്‍ത്ത വന്നതോടെ ആത്മഹത്യ അല്ലാതെ മറ്റുവഴിയില്ലെന്ന് ദിനിയ കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസിന്‍റെ ഇടപെടല്‍.
രണ്ടാം ക്ലാസുകാരിയായ മകളും അഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു 34കാരിയായ ദിനിയ. ഭർത്താവിന്‍റെ മരണത്തെ തുടർന്ന് ചെറുപ്രായത്തിൽതന്നെ കുടുംബത്തിന്‍റെ ഭാരം പേറേണ്ടിവന്നദിനിയക്ക് ആകെയുണ്ടായിരുന്ന ജോലി കൂടി നഷ്ടപ്പെട്ടത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പതിനൊന്ന് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് കണ്ണീരോടെയാണ് ദിനിയ ഡിപ്പോയിൽ നിന്നും മടങ്ങിയത്.
undefined
എന്നാൽ ജീവിതം വഴിമുട്ടിയെന്നു കരുതിയ ദിനിയയ്ക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് ഒരു സ്വകാര്യ ബസ്. പ്രമുഖ പ്രൈവറ്റ് ബസ് ഓപ്പറേറ്ററായ ‘സന ട്രാൻസ്‌പോർട്ട്’ ദിനിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ സന ബസുടമയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ആയിരക്കണക്കിനു പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.