നിരാമയ റിസോര്‍ട്ടില്‍ ആറര സെന്റ് പുറമ്പോക്കെന്ന് കണ്ടെത്തല്‍

By Web Desk  |  First Published Nov 24, 2017, 3:47 PM IST

കുമരകം: നിരാമയ റിസോര്‍ട്ടില്‍ ആറര സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്ന് റവന്യു അധികൃതര്‍ കണ്ടെത്തി. ഇന്ന് അഡീഷണല്‍ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുറമ്പോക്ക് ഭൂമി കണ്ടെത്തിയത്. അതേസമയം ഭുമി കയ്യേറിയിട്ടില്ലെന്നും റിപ്പോര്‍ട്ടിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നിരാമയ അധികൃതര്‍ അറിയിച്ചു. 
 
കുമരകത്തെ നിരാമയ റിസോര്‍ട്ട് സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന ഡിവൈഎഫ്‌ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യു ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. രണ്ട് വശങ്ങളിലായി പുറമ്പോക്ക് ഭൂമിയുണ്ടെന്നാണ് റവന്യു അധികൃതരുടെ വിശദീകരണം. 

കിഴക്ക് വശത്ത് തോടിനോട് ചേര്‍ന്ന സ്ഥലത്താണ് പുറമ്പോക്ക് ഭൂമിയുള്ളതെന്നും റവന്യു അധികൃതര്‍ പറഞ്ഞു. പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഈ സ്ഥലം വീണ്ടും അളന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറര സെന്റ സ്ഥലം തിരിച്ചുപിടിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വീശദീകരിച്ചു.

Latest Videos

എന്നാല്‍ 1995ല്‍ വാങ്ങിയ സ്ഥലമാണിതെന്നും ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും നിരാമയ അധികൃതര്‍ വ്യക്തമാക്കി. പ്രതികാരനടപടിയാണിതെന്നും നിരാമയ അധികൃതര്‍ ആരോപിച്ചു. ഇന്നലെ റിസോര്‍ട്ടില്‍ അക്രമം നടത്തിയ 35 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കുമരകം പൊലീസ് അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റിസോര്‍ട്ടിനെതിരെ ആക്രമങ്ങള്‍ തടയണമെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

click me!