മദര്‍ തെരേസ ഇനി ലോകത്തിനു വിശുദ്ധ

By Asianet News  |  First Published Sep 4, 2016, 2:24 AM IST

വത്തക്കാന്‍: അഗതികളുടെ അമ്മ ഇനി ലോകത്തിനു വിശുദ്ധ. കാരുണ്യത്തിന്റെയും വിനയത്തിന്റെയും മഹാ മാതൃകയായ മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ഇനി കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നാകും ഇനി മദര്‍ അറിയപ്പെടുക.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ജപമാല പ്രാര്‍ഥനയോടെയായിരുന്നു വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ, പോസ്റ്റുലേറ്റര്‍ ഡോ. ബ്രയന്‍ കോവോജയ്‌ചുക് എന്നിവര്‍ക്കൊപ്പമാണു മാര്‍പാപ്പ അള്‍ത്താരയിലേക്ക് എത്തിയത്. തുടര്‍ന്ന് മദര്‍ തെരേസയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കേണമേയെന്ന് മാര്‍പാപ്പയോട് കര്‍ദിനാള്‍ അമാത്തോ അപേക്ഷിച്ചു. പിന്നാലെ ജീവചരിത്ര വിവരണവും സകല വിശുദ്ധരുടേയും ലുത്തിനിയയും നടന്നു. ഇതിനു ശേഷമാണു മാര്‍പാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തിയത്.

Latest Videos

കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ പ്രതിനിധി സംഘം ചടങ്ങുകളില്‍ പങ്കെടുത്തത്. ഇന്ത്യയില്‍നിന്നുള്ള സഭാ പ്രതിനിധികളായി സിബിസിഐ പ്രസിഡന്റും സിറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷസ്, റാഞ്ചി അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ഡിസൂസ തുടങ്ങിയവരും പങ്കെടുത്തു.

തത്സമയ സംപ്രേഷണം

Download Video as MP4
click me!