വത്തിക്കാന്‍: കാരുണ്യത്തിന്റെ മഹാമാതൃക ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയ പാവങ്ങളുടെ അമ്മ ഇനി വിശുദ്ധ. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നാളെ നടക്കുന്ന വിശുദ്ധ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കും. വിശുദ്ധ പദവി പ്രഖ്യാപന ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വത്തിക്കാനിലേക്ക് ഒഴുകുന്നത്.
ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയാണു ചടങ്ങുകള്‍ ആരംഭിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിക്കു മധ്യേയാകും വിശുദ്ധ പദവി പ്രഖ്യാപനം. മദറിന്റെ ജീവചരിത്ര വിവരണം, വിശുദ്ധര്‍ക്കായുള്ള പ്രാര്‍ഥന എന്നിവയും ചടങ്ങിലുണ്ടാകും. പ്രഖ്യാപന ശേഷം സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത (കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ) എന്നാകും മദര്‍ തെരേസ അറിയപ്പെടുക.
വിശുദ്ധ പദവി പ്രഖ്യാപനത്തിന് കര്‍ദിനാള്‍ അമാതോയും പൊസ്തുലത്തോറും മാര്‍പാപ്പയ്ക്കു നന്ദിയര്‍പ്പിക്കും. തുടര്‍ന്ന് വിശുദ്ധയാക്കിയതിന്റെ ഔദ്യോഗിക രേഖയ്ക്കു മാര്‍പാപ്പ അംഗീകാരം നല്‍കും.
ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 11 അംഗ ഇന്ത്യന്‍ പ്രതിനിധി സംഘം വത്തിക്കാനിലെത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണു സംഘത്തെ നയിക്കുന്നത്.