തമ്മിലടിക്ക് പിന്നാലെ ജര്‍മനിക്ക് അടുത്ത തിരിച്ചടി

By Web desk  |  First Published Jun 8, 2018, 11:35 AM IST
  • ഓസിലിന് അവസാന സന്നാഹ മത്സരം നഷ്ടമാകും
  • ലോകകപ്പില്‍ കളിക്കുമെന്ന് ടീം മാനേജര്‍

ലെവര്‍ക്യൂസന്‍: ലിറോയ് സനെയെ ലോകകപ്പിനുള്ള അന്തിമ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ ചൊല്ലിയുണ്ടായ വിവാദം ജര്‍മനിയില്‍ പുകയുന്നതിനിടെ ലോക ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായി പരിക്കും. ടീമിന്‍റെ മിഡ്ഫീല്‍ഡിലെ മുഴുവന്‍ പ്രതീക്ഷയും ചുമലിലേറ്റുന്ന മെസ്യൂട്ട് ഓസിലിന് പരിക്കേറ്റതാണ് നാസിപ്പടയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

പരിക്ക് മൂലം ഇന്ന് സൗദി അറേബ്യയുമായി അവസാന സന്നാഹ മത്സരത്തിന് കളത്തിലിറങ്ങുന്ന ജര്‍മന്‍ പടയില്‍ ഇതോടെ ഓസില്‍ കളിക്കില്ലെന്ന് ഉറപ്പായി. താരത്തിന് പരിക്കേറ്റ കാര്യം ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ലോകകപ്പിന് മുമ്പ് ഓസില്‍ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് ടീമിന്‍റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Latest Videos

ഇടത് മുട്ടിനാണ് ആഴ്സണല്‍ താരത്തിന് പരിക്കേറ്റത്. ഓസ്ട്രിയയ്ക്കെതിരെ ജര്‍മനി തോല്‍വിയേറ്റ് വാങ്ങിയ മത്സരത്തിലാണ് ഓസിലിന് പരിക്കേറ്റത്. ഇറ്റലിയില്‍ പരിശീലനം നടത്താന്‍ ഇതു കൊണ്ട് താരത്തിന് സാധിച്ചിരുന്നില്ല. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും അപകട സാധ്യത കണക്കിലെടുത്താണ് ഓസില്‍ പരിശീലനം നടത്താത്തതെന്നും ജര്‍മന്‍ ടീം ഡയറക്ടര്‍ ഒളിവര്‍ ബെയ്റൂഫ് വ്യക്തമാക്കി.

സീസണില്‍ നടുവിനേറ്റ പരിക്കു മൂലം ഓസിലിന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഗ്രൂപ്പ് എഫില്‍ ജൂണ്‍ 17ന് മെക്സിക്കോയാണ് ലോകകപ്പില്‍ ചാമ്പ്യന്മാരുടെ ആദ്യ എതിരാളികള്‍.നേരത്തെ, ലിറോയ് സനെയെ ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ ജർമൻ ഫുട്ബോളിൽ കലാപക്കാറ്റ് ആഞ്ഞടിക്കുകയാണ്. തീരുമാനത്തിന് പിന്നിൽ കളിക്കപ്പുറമുള്ള കാര്യങ്ങളാണെന്നാണ് മുൻ ക്യാപ്റ്റൻ മിഷേൽ ബല്ലാക്ക് തുറന്നടിച്ചത്. എന്നാല്‍, മുതിർന്ന താരങ്ങളുമായുള്ള താരതമ്യം സനെ അർഹിക്കുന്നില്ലെന്ന് പ്രതിരോധ താരം മാറ്റ് ഹമ്മൽസ് തിരിച്ചടിച്ചു.

click me!