മെസി അര്‍ജന്‍റീനയുടെ ഇതിഹാസമല്ല: ബ്രസീല്‍-ബാഴ്സ മുന്‍ താരം

By Web desk  |  First Published Jun 9, 2018, 11:37 AM IST
  • റഷ്യയില്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ മെസിയുടെ സ്ഥാനം മറഡോണയ്ക്ക് താഴെ
  • അര്‍ജന്‍റീനയിലെ ജനങ്ങള്‍ മെസിയെ ഇതിഹാസനായി പരിഗണിക്കില്ല

സാവോ പോളോ: റഷ്യയില്‍ ലോകകപ്പ് നേടാന്‍ സാധിച്ചില്ലെങ്കില്‍ ഡിഗോ മറഡ‍ോണയെ പോലെ ലയണല്‍ മെസി അര്‍ജന്‍റീനയുടെ ഇതിഹാസ താരമാകില്ലെന്ന് ബ്രസീലിന്‍റെയും ബാഴ്സലോണയുടെയും മുന്‍ സൂപ്പര്‍ താരം റിവാള്‍ഡോ. റഷ്യയില്‍ സാധിച്ചില്ലെങ്കില്‍ മറഡോണയുടെ പാരമ്പര്യം തുടരാനുള്ള അവസരം മെസിക്ക് നഷ്ടപ്പെടുകയാണ്. ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി അദ്ദേഹം വാഴ്ത്തപ്പെടും. ബാഴ്സയ്ക്കായി നിരവധി കിരീടങ്ങളും തന്‍റെ രാജ്യത്തിന്‍റെ ടോപ് സ്കോററുമാണെങ്കിലും മെസിക്ക് ഇനിയും പേരിലെഴുതാന്‍ ഒരു ലോകകപ്പ് ഇല്ല.

അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച താരമായാണ് മറഡോണ വാഴ്ത്തപ്പെടുന്നത്. അദ്ദേഹത്തിന് 1986ല്‍ ലോകകപ്പ് നേടാന്‍ സാധിച്ചു. അത് കൊണ്ട് കീരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ ദേശീയ ഹീറോ ആയി മറഡോണയുടെ താഴെയായിരിക്കും മെസിയുടെ സ്ഥാനമെന്നും റിവാള്‍ഡോ പറഞ്ഞു. മെസി ബാഴ്സലോണയ്ക്കായും ഫുട്ബോളിനായും ചെയ്തത് നോക്കുമ്പോള്‍ ഇപ്പോള്‍ തന്നെ അദ്ദേഹം ഇതിഹാസമാണ്. അതില്‍ കൂടുതല്‍ ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പാടില്ല. പക്ഷേ, ഒരു രാജ്യമെന്ന നിലയില്‍ ലോകകപ്പ് സ്വന്തമാക്കിയ മറഡോണ തന്നെയാണ് ഏറ്റവും വലിയ താരം.

Latest Videos

ബാഴ്സലോണയ്ക്ക് വേണ്ടി മെസി ചാമ്പ്യന്‍സ് ലീഗും ലാ ലിഗയുമെല്ലാം നേടി. പക്ഷേ, ക്ലബ്ബിന് വേണ്ടി എന്ത് നേടിയിട്ടും കാര്യമില്ല. അര്‍ജന്‍റീനയിലെ ജനങ്ങളുടെ പിന്തുണ നോക്കുമ്പോള്‍ ഇതിഹാസ തുല്യനാകാന്‍ മെസിക്ക് സാധിക്കില്ല. ക്ലബ്ബിന്‍റെ ആരാധകര്‍ക്ക് വലിയ പ്രധാന്യമില്ലെങ്കിലും രാജ്യത്തിന് ലോകകപ്പ് നേടുകയെന്നതാണ് ഏറ്റവും വലിയ കാര്യം. എല്ലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളും പരിശോധിച്ചാല്‍ ലോകകപ്പാണ് ഏറ്റവും വലുത്. അതു കൊണ്ട് ലേകകപ്പ് നേടും വരെ അര്‍ജന്‍റീനയിലെ ജനങ്ങള്‍ മെസിയെ ഇതിഹാസനായി പരിഗണിക്കില്ല. പക്ഷേ, തനിക്ക് മെസിയില്‍ 100 ശതമാനം വിശ്വാസമുണ്ടെന്നും റിവാള്‍ഡോ വ്യക്തമാക്കി.

അര്‍ജന്‍റീന മെസിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഒരു പക്ഷേ മെസിയുടെ അവസാന ലോകകപ്പായിരിക്കാം റഷ്യയിലേത്. അങ്ങനെയാണെങ്കില്‍ ഇത് അവസാന അവസരം കൂടിയാണ്. അര്‍ജന്‍റീനയിലെ ജനങ്ങള്‍ക്ക് മെസി ഇതിഹാസമല്ലെങ്കിലും ലോക ഫു്ബോളില്‍ അദ്ദേഹം ഇതിഹാസമാണെന്നും മുന്‍ ബ്രസീല്‍ താരം പറഞ്ഞു. മുന്‍ താരങ്ങളെയും ഇപ്പോഴുള്ള താരങ്ങളെയും താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും റിവാള്‍ഡോ പറഞ്ഞു. ഓരോ താരത്തിനും അവരുടേതായ ചരിത്രവും ഫുട്ബോളിന് നല്‍കിയ സംഭാവനകളും പറയാനുണ്ട്.

ചിലര്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരിക്കാം മറ്റു ചിലര്‍ക്ക് മെസിയായിരിക്കാം മികച്ച താരം. എല്ലാ കാലത്തും അങ്ങനെയായിരുന്നു. റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും സിദാനും താനുമെല്ലാം ഇതുപോലെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. 2002 ലോകകപ്പ് നേടിയ ബ്രസീലിന്‍റെ സുവര്‍ണ തലമുറയിലെ മികച്ച താരമായിരുന്നു റിവാള്‍ഡോ. ബാഴ്സലോണയ്ക്കായി മെസിയൊക്കെ എത്തുന്നതിന് മുമ്പ് മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 

click me!