മധു ഒരു തുടര്‍ച്ചയാണ്... ഇനിയും ഈ ചോര ഒഴുകുകതന്നെ ചെയ്യും

By Balu KG  |  First Published Feb 24, 2018, 4:13 PM IST

ട്ടപ്പാടി മുക്കാലി ചിക്കണ്ടിയൂരില്‍ മധു കേരളത്തില്‍ നാട്ടുക്കൂട്ടം തല്ലികൊല്ലുന്ന ആദ്യത്തെ മനുഷ്യനല്ല. അവസാനത്തെയും. അയാള്‍ ഒരു തുടര്‍ച്ചയാണ്. അയാളുടെ മരണം ആള്‍ക്കൂട്ടത്തിന്റെ  ആനന്ദത്തിനൊടുവിലാണ് സംഭവിക്കുന്നത്. ഈ ആനന്ദം മനുഷ്യനുള്ള കാലത്തോളം തുടരുക തന്നെ ചെയ്യും. കാരണം മനുഷ്യന്‍ മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാണ്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്ന മൃഗവും വെറുതേ ഇരുന്ന് തിന്നുന്ന മനുഷ്യനും ആനന്ദം കണ്ടെത്തുന്നത് തികച്ചും വ്യത്യസ്തമായ സന്ദര്‍ഭങ്ങളിലായിരിക്കും. നിസഹായനും ഒറ്റപ്പെട്ടവരുമായ കൂട്ടത്തിലൊരാളെ കൊന്ന് തിന്നാന്നുള്ള മാനസീക വളര്‍ച്ച മൃഗങ്ങളില്‍ മനുഷ്യന് മാത്രം സിദ്ധിച്ച കഴിവാണ്. 

പോലീസ് സ്‌റ്റേഷനില്‍ കൊല്ലപ്പെടുന്നവരും, തെരുവില്‍ കൊല്ലപ്പെട്ടുന്നവരും ഒരേ ആനന്ദത്തിന്റെ ഇരകളാണ്. ആള്‍ക്കൂട്ടത്തിന്റെ പേരും സ്ഥലവും കാലവും മാത്രമേ മാറുനൊള്ളൂ. ആള്‍ക്കൂട്ടവും ആനന്ദവും ഒന്നു തന്നെ. അല്ലെങ്കിലും ഓര്‍മ്മവച്ച കാലം മുതല്‍ വംശഹത്യ നമുക്ക് പ്രീയപ്പെട്ടതാണല്ലോ...

Latest Videos

undefined

അട്ടപ്പാടിയില്‍ മാത്രം വര്‍ഷങ്ങളായി മരിച്ച് വീണു കൊണ്ടിരിക്കുന്നത് മധുവിന്റെ സഹോദരങ്ങളായിരുന്നു. നമുക്ക് അവര്‍ പോഷകാഹാര കുറവ് മൂലം മരിച്ച ആദിവാസി കുട്ടികള്‍. ഒറ്റപ്പെടലും വിശപ്പും മധുവിനെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് നമുക്കറിയില്ല. പക്ഷേ... അയാളെ തല്ലിയ ആള്‍ക്കൂട്ടത്തിനും അവരെ തല്ലാന്‍ ആഹ്വാനം ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ ആള്‍ക്കൂട്ടത്തിനും ആനന്ദമാണ്. അവരുടെ ആനന്ദങ്ങള്‍ അലക്കി തേച്ച വെളുത്ത വസ്ത്രങ്ങള്‍ക്കിടയില്‍, മുന്നിലെ യന്ത്രവെളിച്ചത്തില്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നു. 

കൊല്ലപ്പെട്ടവരോട് നമുക്ക് മാപ്പു പറയാം, എന്റെ പൊന്നനുജന്‍ എന്ന് പറഞ്ഞ് ചേര്‍ത്ത് പിടിക്കാം. കൊന്നവരെ തൂക്കിക്കൊല്ലാനും കല്ലെറിയാനും പറയാം. അവര്‍ക്ക് നേരെ വാളോങ്ങാം. കാരണം മധുവിനെ കൊന്ന ആള്‍ക്കൂട്ടത്തിന് പുറത്ത് നില്‍ക്കുന്ന നമുക്കും വേണം ആനന്ദം. നമ്മളിങ്ങനെ ആനന്ദിച്ചു കൊണ്ടിരിക്കുമ്പോള്‍ 'പ്രതി'കള്‍ എന്ന് പറഞ്ഞ് ചിലരെ ഭരണകൂടം മുന്നിലിട്ട് തരും. കോടതികള്‍, ഞാനും നിങ്ങളും പിന്നെ കോടതി തന്നെയുമടങ്ങുന്ന സാമൂഹത്തിന്റെ മാനസീകാവസ്ഥയില്‍ അത്ഭുതം കൂറും. ചിലപ്പോള്‍ അരിശപ്പെടും. മേല്‍കോടതികളിലക്ക് പോകും തോറും കേസിന്റെ രീതികള്‍ മാറും തെളിവുകള്‍ തികയാതാവും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷണ കുറവുമൂലമുണ്ടായ സ്വാഭാവിക മരണമായി മധുവിന്റെ മരണം മാത്രം ബാക്കിയാകും. പ്രതികള്‍ പ്രതികളല്ലാതാവും. കുറ്റവിമുക്തരും.

അപ്പാഴും നമ്മള്‍ ആനന്ദം കൊള്ളും. കോടതിയുടെ നീതിയോര്‍ത്ത്. പ്രതിയെന്ന് പറയപ്പെട്ടിരുന്നവരുടെ ജയില്‍ ജീവിതത്തിലെ ആനന്ദകരമായ സെല്‍ഫികളെ കുറിച്ച്. നമ്മള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും സ്വയം ട്രോളി ആനന്ദിക്കും. സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ് ബുക്ക് ഓര്‍മ്മപ്പെടുത്തുന്ന കാലത്തോളം ഒരു ആചാരമായി കൊണ്ട് നടക്കും. അപ്പോഴേക്കും അടുത്ത ഇര വീണിരിക്കും. ആനന്ദിക്കാന്‍ നമ്മളും റെഡിയായിരിക്കും. തീര്‍ച്ച.

കുറച്ചു കാലം വരെ നമ്മുടെ വേദന യോഗിയുടെ ഉത്തര്‍പ്രദേശില്‍ മാത്രമേ ഇത്തരം ആനന്ദങ്ങള്‍ ഉള്ളൂ എന്നതായിരുന്നു. ഇപ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ആനന്ദത്തെ കണ്ടെത്തിയിരിക്കുന്നു. 51 ഉം 37 ഉം വെട്ടിയുള്ള കൊലപാതകങ്ങളില്‍ നമ്മുടെ ആനന്ദം കുറഞ്ഞ് തുടങ്ങി എന്നതിന് തെളിവാണ് ഷുഹൈബിന്റെ കൊലയേക്കാള്‍ മധുവിന്റെ കൊലയ്ക്ക് നമ്മള്‍ തീര്‍ത്ത പ്രതിഷേധങ്ങള്‍. അതെ നമുക്ക് വെട്ടിക്കൊലയില്‍ താല്പര്യം കുറഞ്ഞിരിക്കുന്നു. 

ഇടിച്ചും അടിച്ചും വീണു കിടക്കുമ്പോള്‍ ചവിട്ടിയും... അങ്ങനെ ഇഞ്ചിഞ്ചായി കൊല്ലണം. നമ്മളിങ്ങനെ ആനന്ദിച്ചു കൊണ്ടിരിക്കും. കാരണം നമ്മള്‍ മനുഷ്യരാണ്. വെറും മനുഷ്യന്‍. വളര്‍ത്തുന്നതിലും കൊല്ലുന്നതും ആനന്ദം കണ്ടെത്തുന്ന ഏക ജീവിവര്‍ഗ്ഗം.

വെറും മൃഗം മാത്രമായ ഈ ജീവിവര്‍ഗ്ഗം സാമൂഹികമായ ജീവിയായി മാറുന്നത് പരസ്പരം സഹകരിച്ച് വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്ന മൃഗവാസന ഉള്ളത് കൊണ്ടാണ്. ഈ മൃഗവാസന നിലനിര്‍ത്തണമെങ്കില്‍ മനുഷ്യന്റെ ആനന്ദം നിയന്ത്രിക്കേണ്ടതുണ്ട്. പൊട്ടിയൊഴുകുന്ന നമ്മുടെ തന്നെ ആനന്ദത്തെ നിയന്ത്രിക്കാനാണ് നാം എല്ലാ ദിവസവും പണിയെടുത്ത് നികുതി കൊടുത്ത് ഒരു ഭരണകൂടത്തെയും അതിനെ നിലനിര്‍ത്താന്‍ കോടതി, ബ്രൂറോക്രസി, പട്ടാളം, പോലീസ്, മാധ്യമം, വിദ്യാലയം എന്ന് വേണ്ട സകലതിനെയും തീറ്റിപ്പോറ്റുന്നത്. 

ഭരിക്കുന്ന യോഗിമാരും വിജയന്മാരും മോദികളും താലോലിച്ച് ആനന്ദിക്കുന്ന കുറ്റകരമായ മൗനം സമൂഹികാവസ്ഥയില്‍ സൃഷ്ടിക്കുന്ന ഇത്തരം ആനന്ദങ്ങള്‍ക്ക് കാരണമാകുന്നതിന് തെളിവ്, ഈ ഭരണാധികാരികളെല്ലാം നമ്മുക്കിടയില്‍ ഇത്തരം ആനന്ദങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചും പിടിക്കാന്‍ അനുവദിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയും ജീവിച്ചു വന്നവരാണെന്നത് മാത്രമാണ്.

ആരാണ് നമ്മുടെ പ്രതികള്‍ ?

കുറ്റകരമായ മൗനങ്ങളില്‍ ആനന്ദിച്ച്, പൗരന്റെ വിയര്‍പ്പിന്റെ വിലയുണ്ണുന്നവരെ ഭരണാധികാരികള്‍ എന്ന് വിളിക്കുന്ന സമൂഹത്തില്‍ മധു ഒരു തുടര്‍ച്ചയാണ്... ഈ പരമ്പര തുടരുക തന്നെ ചെയ്യും. കാരണം നമ്മുടെ ആനന്ദങ്ങള്‍ക്ക് അതിരുകളില്ല. നിയന്ത്രണങ്ങളും.
 

click me!