പ്രളയത്തിനും പേമാരിക്കുമൊടുവിൽ ജീവിതം കൈക്കുമ്പിളിൽ നിന്ന് വഴുതിപ്പോയ ഒരുപാട് കുടുംബങ്ങൾ സർക്കാർ നീട്ടുന്ന കൈത്താങ്ങിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നൂറിലധികം ദിവസമായി. കിടപ്പാടം മുഴുവൻ നഷ്ടപ്പെട്ടിട്ടും സർക്കാർ പട്ടികയിൽ ഇടം കിട്ടാത്ത കുടുംബങ്ങൾക്ക് ഇനി തെരുവിലേക്കിറങ്ങുകയേ വഴിയുള്ളു. ഇടുക്കിയിലെ പ്രളയാനന്തര കാഴ്ചകളാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയിൽ ഇന്നുൾപ്പെടുത്തിയിരിക്കുന്നത്.
ഇടുക്കി: പ്രളയപ്പെയ്ത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ഇപ്പോഴും സർക്കാർ സഹായം അകലെയാണ്. സർക്കാർ നൽകുന്ന സഹായത്തിനായി കൈനീട്ടിയിട്ടും നഷ്ടബാധിതരുടെ പട്ടികയിൽ ഇടംകിട്ടാത്ത കുടുംബങ്ങളുണ്ട്. വീട് മുഴുവൻ തകർന്നിട്ടും പ്രളയബാധിതരുടെ സർക്കാർ സഹായത്തിന് അർഹതയില്ലെന്ന് അധികൃതർ എഴുതിത്തള്ളിയവർ.
പ്രളയം ഇരച്ചെത്തിയ ആഗസ്റ്റിലാണ് ഇടുക്കി വാഴവരയിൽ വെച്ച് ഞങ്ങൾ ഷെർളിയെ കണ്ടത്. പേമാരിക്കും മണ്ണിടിച്ചിലിനുമൊടുവിൽ വിണ്ടുകീറിയ ഭൂമിയിൽ കിടപ്പാടം പോലും നഷ്ടപ്പെട്ട കൂലിത്തൊഴിലാളി. നവകേരള നിർമിതിക്കായി സർക്കാർ കോടികൾ പിരിക്കുമ്പോഴാണ് ഷേർളിയുടെ ഇപ്പോഴത്തെ അവസ്ഥയറിയാൻ ഞങ്ങൾ വീണ്ടും അവിടെപ്പോയത്.
undefined
വാഴവരയിലെ സർക്കാർ സ്കൂൾ കോമ്പൗണ്ടിലെ ഒറ്റമുറിക്കെട്ടിടം. പഞ്ചായത്ത് വക സേവാഗ്രാം ഗ്രാമകേന്ദ്രത്തിന്‍റെ ഈ മുറിയിലാണ് ഷേർളിയും കുടുംബവും കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ അന്തിയുറങ്ങുന്നത്. ഭർത്താവും മൂന്നു മക്കളും മകന്‍റെ ഭാര്യയും കുഞ്ഞും അടങ്ങുന്ന ഏഴംഗ കുടുംബം. സർക്കാർ ധനസഹായമായി ഇതുവരെ കിട്ടിയത് പതിനായിരം രൂപ. വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കുളള ധനസഹായത്തിനായി ഉദ്യോഗസ്ഥർ തയാറാക്കിയ ആദ്യ പട്ടികയിൽ ഷേർളിയും കുടുംബവും പക്ഷേ ഇല്ല.
സ്കൂൾ കോമ്പൗണ്ടിലെ കെട്ടിടത്തിൽ നിന്ന് ഉടൻ മാറിക്കൊടുക്കേണ്ടിവരും. എങ്ങോട്ട് പോകണമെന്നറിയില്ല. ഭൂമി വാങ്ങാനോ വീടുവയ്ക്കാനോ പണമില്ല. സർക്കാർ വേഗം എന്തെങ്കിലും തന്നാലേ ഇനി ഒരു കിടപ്പാടമെന്ന അടിസ്ഥാന ആവശ്യത്തിന് പോലും നിവൃത്തിയുണ്ടാകൂ.
സ്കൂൾ മുറ്റത്തായതിനാൽ ഇരുട്ടുപരന്നശേഷമാണ് പുറത്തു പാചകം നടത്തുക. അടുത്തദിവസത്തേക്കുളള ഭക്ഷണം മുഴുവൻ രാത്രി തയ്യാറാക്കി വയ്ക്കും. മകന്‍റെ കുട്ടിയുമായി ഇതുവരെ സ്വന്തം വീട്ടിൽ പോയിട്ടില്ല. ദൂരെ കോളജിൽ പഠിക്കുന്ന മകൾക്കുളള പഠനച്ചിലവും മുടങ്ങി. നവകേരള നിർമിതിക്കുറിച്ച് ഊറ്റം കൊളളുന്ന സർക്കാർ കിടപ്പാടം നഷ്ടപ്പെട്ടവരുടെ കണ്ണീരുകൂടി തിരിച്ചറിയണം.