കോഴിക്കോട്: നിപ വൈറസ് ബാധിതരെ ശ്രുശൂഷിച്ചത് വഴി അസുഖം ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനി മരിക്കും മുന്‍പ് ഭര്‍ത്താവിനെഴുത്തിയ കത്ത് പുറത്തു വന്നു. മരണം അടുത്തുണ്ടെന്ന ലിനിയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് കത്തിലെ വരികള്‍ സൂചിപ്പിക്കുന്നു.
'സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry,
നമ്മുടെ മക്കളെ നന്നായി നോക്കണേ.....
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം....
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്... please....
ഇതാണ് കത്തിലെ വാക്കുകള്‍. രോഗം ബാധിച്ചത് മുതല്‍ ആശുപത്രിയിലെ നിരീക്ഷണവാര്‍ഡിലായിരുന്ന ലിനിയ്ക്ക് ബന്ധുകളടക്കം ആരേയും കാണാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. വൈറസ് ബാധയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഡോക്ടര്‍മാര്‍ സന്ദര്‍ശകരെ വിലക്കിയത്. ബഹ്‌റനില്‍ അക്കൗണ്ടന്റായ സജീഷ് ഭാര്യയുടെ രോഗവിവരം അറിഞ്ഞ് നാട്ടിലെത്തിയിരുന്നുവെങ്കിലും ലിനിയെ അടുത്ത് നിന്ന് കാണാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. ആശുപത്രിയിലെത്തിയ സജീഷിനെ വളരെ അകലെ നിന്നും ലിനിയെ കാണാന്‍ മാത്രമേ ഡോക്ടര്‍മാര്‍ സമ്മതിച്ചുള്ളൂ.
undefined
മരിക്കുന്നതിന് തലേദിവസമാണ് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇതിന് മുന്‍പ് നിരീക്ഷണവാര്‍ഡില്‍ വച്ചോ മറ്റോ ആവാം അവര്‍ ഈ കത്ത് എഴുതിയത് എന്നാണ് കരുതുന്നത്.വെന്റിലേറ്ററില്‍ അതീവഗുരുതരാവസ്ഥയില്‍ തുടര്‍ന്ന ലിനി തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെ മരണപ്പെട്ടു. തുടര്‍ന്ന് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലിനിയുടെ മൃതദേഹം വെസ്റ്റ്ഹില്‍ വൈദ്യുതി ശ്മാശനത്തിലെത്തിച്ച് ദഹിപ്പിക്കുകയും ചെയ്തു. ആറും രണ്ടും വയസ്സുള്ള ലിനിയുടെ രണ്ട് മക്കള്‍ക്കും അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.
ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രനടക്കമുള്ളവര്‍ ലിനിയുടെ കത്ത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലിനിയുടെ കത്ത് മനസില്‍ നിന്നൊരിക്കലും മായില്ലെന്നും കേരളമെന്നും അവരെ ഓര്‍ക്കുമെന്നും കടകംപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ലിനിയുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യക്തമാക്കി.