വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുൾപ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്.
ദില്ലി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്‍റെ ഫ്ലോട്ട് പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുൾപ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. ശബരിമല വിഷയത്തിൽ ‘നവോത്ഥാനം’ പ്രധാന വിഷയമാക്കി കേരള സർക്കാരും സിപിഎമ്മും പ്രചാരണം നടത്തുന്നതിനിടെയാണ് വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവും പശ്ചാത്തലമാക്കിയുളള ഫ്ലോട്ടിന് അനുമതി കേരളം തേടിയത്. എന്നാല്‍ ഇതിന് അവതരണാനുമതി കേന്ദ്രം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയസമ്മർദമാണെന്നാണ് സൂചന എന്ന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളമടക്കം 19 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്. നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം ഇതില്‍ 14 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങള്‍ 26ന് ഫ്‌ളോട്ടുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് ഇത്തരത്തില്‍ യാതൊരു അറിയിപ്പും കിട്ടിയില്ല എന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണർ അറിയിച്ചു.
2014ല്‍ കേരളത്തിന് മികച്ച ഫ്‌ളോട്ടിനുള്ള സ്വര്‍ണ മെഡല്‍ ലഭിച്ചിരുന്നു. 2015ലും 2016ലും കേരളത്തിന്‍രെ ഫ്‌ളോട്ടുകള്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനമാണ് നേടിയത്.