അന്വേഷിക്ക് 25 വയസ്സ്; ഡബ്യുസിസിക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയറിയിച്ച് റിമ

By Web Team  |  First Published Jan 13, 2019, 12:07 PM IST

1993 നവംബറില്‍ കോഴിക്കോട്ടെ കോട്ടുളി കേന്ദ്രീകരിച്ചാണ് അന്വേഷി പ്രവർത്തനം തുടങ്ങിയത്. നക്സല്‍ പ്രസ്ഥാനം വിട്ട് സാമൂഹ്യപ്രവര്‍ത്തനത്തിലേക്കുള്ള കെ.അജിതയുടെ ചുവടുമാറ്റത്തിലാണ് അന്വേഷി പിറക്കുന്നത്


കോഴിക്കോട്: കെ അജിതയുടെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടനയായ അന്വേഷിക്ക് ഇരുപത്തഞ്ച് വയസ്സ് പിന്നിട്ടു. സംഘടനയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷംകോഴിക്കോട് സിനിമാ താരം റിമാ കല്ലിങ്കലാണ് ഉദ്ഘാടനം ചെയ്തത്. മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഡബ്ലുസിസി എന്ന സംഘടന രൂപീകരിച്ചതു മുതൽ അന്വേഷി നൽകുന്ന പിന്തുണ വലുതാണെന്ന് റിമ വെളിപ്പെടുത്തി.

ഇരുപത്തി അഞ്ചാം വാർഷികാഘോഷ പരിപാടിയിൽ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സിനിമ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരായ വനിതകൾ പങ്കെടുത്തു. സമൂഹത്തിൽ നിലനിൽക്കുന്ന അനാചാരങ്ങളിൽ പലതും സ്ത്രീകൾക്ക് മാത്രം എതിരായിട്ടുള്ളതാണെന്നും ഇത് അവസാനിപ്പിക്കാൻ സ്ത്രീകൾ തന്നെ രംഗത്തെത്തണമെന്നുമായിരുന്നു വാര്‍ഷികാഘോഷത്തിനെത്തിയ സി കെ ജാനു പറഞ്ഞത്.

Latest Videos

1993 നവംബറില്‍ കോഴിക്കോട്ടെ കോട്ടുളി കേന്ദ്രീകരിച്ചാണ് അന്വേഷി പ്രവർത്തനം തുടങ്ങിയത്. നക്സല്‍ പ്രസ്ഥാനം വിട്ട് സാമൂഹ്യ പ്രവര്‍ത്തനത്തിലേക്കുള്ള കെ അജിതയുടെ ചുവടുമാറ്റത്തിലാണ് അന്വേഷി പിറക്കുന്നത്.  

1997ല്‍ ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസിലെ നിയമപോരാട്ടത്തിലൂടെ പല രാഷ്ട്രീയ പ്രമുഖരുടെയും മുഖംമൂടി അഴിക്കാന്‍ അന്വേഷിക്കായി. മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതുവരെ ആ പോരാട്ടം നീണ്ടു.  കൗണ്‍സിലിംഗ് സെന്‍റര്‍ കൂടാതെ ഷോര്‍ട്ട് സ്റ്റേ ഹോം, സര്‍ക്കാരിന്‍റെ നിര്‍ഭയ കേന്ദ്രം ഇവയൊക്കെ അന്വേഷിയുടെ മേല്‍നോട്ടത്തിലുണ്ട്. ആരോഗ്യം, പരിസ്ഥിതി, ആദിവാസി ക്ഷേമം തുടങ്ങിയ മേഖലകളിലും ഇടപെടുന്നു.

click me!