കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കുറ്റം; ദില്ലി പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി

By Web Team  |  First Published Jan 19, 2019, 3:18 PM IST

സർക്കാരിൽ നിന്ന് പ്രൊസിക്യൂഷൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത്ത് കുറ്റപത്രം തള്ളിയത്. 


ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുൻ വിദ്യാർത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ദില്ലി പൊലീസിന്റെ കുറ്റപത്രം പട്യാല  കോടതി തള്ളി. സർക്കാരിൽ നിന്ന് പ്രൊസിക്യൂഷൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത്ത് കുറ്റപത്രം തള്ളിയത്. 
  
ഇക്കാര്യത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അടുത്തമാസം ആറിന് കേസ് പരിഗണിക്കുന്നതിന് മുമ്പായി പ്രൊസിക്യൂഷൻ അനുമതി തേടിയിരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. രാജ്യദ്രോഹക്കേസുകളില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ കുറ്റപത്രം ഫയല്‍ ചെയ്യാവൂ എന്നാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ കുറ്റപത്രം ഫയല്‍ ചെ്യത ശേഷം കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. സര്‍ക്കാരാകട്ടെ ഇത് വരെ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടില്ല. പത്ത് ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.  
  
കേസിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കനയ്യകുമാര്‍ അടക്കം പത്ത് പേർക്കെതിരെ ദില്ലി പൊലീസ് പട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 1200 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ ദില്ലി പൊലീസ് സമർ‍പ്പിച്ചത്.  

ജെഎൻയുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യകുമാര്‍, ഉമർ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്സൽ ഗുരു. 
 
വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകള്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് ദില്ലി സര്‍ക്കാര്‍ കണ്ടെത്തുകയും ചാനലുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.  

Latest Videos

ദില്ലി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. 2017 മാർച്ചിൽ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ദില്ലി പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കിയിരുന്നു. കുറ്റപത്രത്തില്‍ കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പറയുന്നില്ല. എന്നാല്‍ അന്ന് നടന്ന സംഭവങ്ങളെ തടുക്കാന്‍ കനയ്യ കുമാര്‍ ഇടപെട്ടില്ലെന്നും, കനയ്യ കുമാറിനെതിരെ ഏത് വകുപ്പാണ് ചാര്‍ത്തേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.   

click me!