നീതിയുടെ വാതില്‍ക്കല്‍, നിസ്സഹായായി ഒരമ്മ

By Web Desk  |  First Published Dec 8, 2017, 9:56 PM IST

തൃശൂര്‍: 12 വര്‍ഷം കഴിഞ്ഞിട്ടും തുറക്കാത്ത നീതിയുടെ വാതില്‍ക്കല്‍ നിസ്സഹായായി നില്‍ക്കുകയാണ് ഈ അമ്മ. തന്റെ മകളുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇവര്‍ മുട്ടിവിളിക്കാത്ത വാതിലുകളില്ല. കാലാകാലങ്ങളില്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി ചേറ്റുപുഴ സ്വദേശിനിയായ ബിന്നി ദേവസ്യ നീതിയ്ക്കായി ഇരക്കാത്ത മുഖങ്ങളില്ല. മകളെ നഷ്ടമായിട്ട് പന്ത്രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഈ അമ്മയ്ക്ക് നീതി നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

2005 ഡിസംബര്‍ അഞ്ചിനാണ് പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ മൂന്നാം വര്‍ഷ ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനായ ചേറ്റുപുഴ പേഴത്ത്മൂട്ടില്‍ പരേതനായ ദേവസ്യയുടെ മകള്‍ ജിസമോളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയ്യിലെ ഞരമ്പുമുറിച്ച് തൂങ്ങിമരിച്ചെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പരീക്ഷയ്ക്ക് കോപ്പിയടിച്ചത് കണ്ടുപിടിക്കപ്പെട്ടതിലുള്ള മനോവിഷമത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും അവര്‍ ആരോപിച്ചിരുന്നു. ആശുപത്രി അധികൃതര്‍ തയ്യാറാക്കിയ കഥയ്‌ക്കൊപ്പം പൊലീസും കേസന്വേഷണം ചേര്‍ത്തുവെച്ചപ്പോള്‍ മറ്റൊരു സിസ്റ്റര്‍ അഭയയായി ദൈവത്തിന്റെ മാലാഖയാകേണ്ടിയിരുന്ന ജിസമോളുടെ വിധി കുറിക്കപ്പെട്ടുവെന്ന് ഈ അമ്മ ഇന്നും വിശ്വസിക്കുന്നു. അന്വേഷണത്തില്‍ തുടക്കത്തിലേ താളപ്പിഴവുകളുണ്ടായെന്നാണ് ഈ അമ്മ ഉറപ്പിച്ചുപറയുന്നത്. തെളിവുകളെല്ലാം നശിപ്പിച്ച ശേഷം എന്തിന് അന്വേഷണമെന്നാണ് ബിന്നി ദേവസ്യയുടെ ചോദ്യം. എന്നാല്‍ അതിനെ സാധൂകരിക്കാന്‍ പൊലീസ് തന്നെ തെളിവുകളും നല്‍കുന്നു.

Latest Videos

undefined

കേസ് ആദ്യം അന്വേഷിച്ച എസ്‌ഐയുടെ കേസന്വേഷണത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അക്കമിട്ട് നിരത്തിയ ആറ് വിശദീകരണങ്ങളിലൂടെ ഡിവൈഎസ്പി ജിസമോളുടെ മരണത്തിലെ അസ്വഭാവികത ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും നീതി വിളിപ്പാടകലെ നില്‍ക്കുകയാണ്. എട്ടര വര്‍ഷത്തെ ബിന്നി ദേവസ്യയുടെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. എന്നാല്‍ 2016 ജനുവരിയില്‍ ജിസമോളുടേത് സ്വാഭാവികമായ ആത്മഹത്യയെന്ന നിഗമനത്തില്‍ സിബിഐ കേസ് ഡയറി ഹൈക്കോടതിക്ക് നല്‍കി. അതോടെ സിബിഐ എന്ന മൂന്നക്ഷരത്തിലും ഈ അമ്മയുടെ വിശ്വാസം നഷ്ടമായി. ജിസമോള്‍ പഠിച്ചിരുന്ന നഴ്‌സിംഗ് സ്‌കൂളിന്റെ ഡയറക്ടറായ വികാരിക്കും മേട്രണും പ്രിന്‍സിപ്പലിനും എതിരെയാണ് ബിന്നിയുടെ ആരോപണം ചെന്നെത്തിനില്‍ക്കുന്നത്.

കോപ്പിയടിച്ചതിന്റെ പേരിലാണ് ജിസമോള്‍ മരിച്ചതെന്ന് പറയുന്നവര്‍ക്ക് ജിസമോള്‍ കോപ്പിയടിച്ചു എന്ന് പറയുന്നതിലും വ്യക്തതയില്ലെന്ന് അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഈ അമ്മ വിശദീകരിക്കുന്നു. ജിസമോള്‍ കോപ്പിയടിച്ചത് തുണ്ടുകടലാസ് വച്ചായിരുന്നുവെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മൊഴി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ പറയുന്നത് ഏഴ് കടലാസുകള്‍ വച്ചാണെന്ന്. മറ്റാരുടെയോ രണ്ട് ഉത്തരകടലാസുകള്‍ വച്ചാണെന്ന് മറ്റൊരു ഉദ്യോഗസ്ഥനും പറയുന്നു. മൂന്ന് തെളിവുകളുടേയും വൈരുദ്ധ്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥയെ അമ്മ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരിഹാസമായിരുന്നു മറുപടി.

സംഭവത്തിന് ഒരാഴ്ച മുമ്പാണ് മോഡല്‍ പരീക്ഷ നടന്നത്. എന്നാല്‍, സംഭവത്തിന്റെ തലേന്നാണ് മോഡല്‍ പരീക്ഷ നടത്തിയതെന്നായിരുന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതും. മുറി മുഴുവന്‍ വെള്ളമൊഴിച്ച് കഴുകിയിരുന്നു. ജിസയുടെ വസ്ത്രമെന്ന് പറഞ്ഞ് പൊലീസില്‍ ഹാജരാക്കിയ ചുരിദാറും അടിവസ്ത്രങ്ങളുമടക്കം വലിച്ചുകീറിയ നിലയിലായിരുന്നു. എന്നാല്‍, മൃതദേഹത്തില്‍ മറ്റാരുടേയൊ നൈറ്റിയും പുതിയ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. ജിസമോള്‍ എപ്പോഴും വാച്ച് ധരിക്കുന്ന പ്രകൃതക്കാരിയാണ്. എന്നാല്‍, മൃതദേഹത്തില്‍ വാച്ചുണ്ടായിരുന്നില്ല. വാച്ച് കിട്ടിയപ്പോള്‍ അതിന്റെ ചില്ലുകള്‍ ഉടഞ്ഞിട്ടുണ്ടായിരുന്നു. സ്ട്രാപ്പും പൊട്ടിയിരുന്നു. ജിസമോളുടെ മരണം കൊലപാതകമെന്ന് സാധൂകരിക്കുന്നതായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും. ജിസമോളുടെ വസ്ത്രത്തിലും രഹസ്യഭാഗത്തും പുരുഷ ബീജം കണ്ടെത്തിയിരുന്നു. വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന രക്തക്കറ ബി പോസിറ്റീവ് ആയിരുന്നു. ജിസമോളുടേത് ഒ പോസിറ്റീവും. ഇത് ചൂണ്ടിക്കാണിച്ചതോടെ വസ്ത്രം വീണ്ടുംപരിശോധനയ്ക്ക് അയച്ച് രക്തക്കറ ഒ പോസിറ്റീവ് മാത്രമാക്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഈ അമ്മ ഉറച്ചുവിശ്വസിക്കുന്നു. നാളെ മറ്റൊരാള്‍ക്കും ഈ ഗതി വരും. സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് കേസന്വേഷിപ്പിക്കണമെന്നാണ് ഈ അമ്മയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഈ മാസം 24ന് വാദം നടക്കുന്നുണ്ട്.

click me!