നരേന്ദ്ര മോദിയുടെ ജീവിതത്തെക്കുറിച്ച് ഒരു ചിത്രം നിർമിക്കുകയാണെങ്കിൽ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുടെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നേടുന്നതിനേക്കാൾ കൂടുതൽ പണം നേടുമെന്നും മേവാനി പരിഹസിച്ചു.
ദില്ലി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് നേരെയുള്ള വിമർശനം ശക്തമാകുകയാണ്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പേരിൽ ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ ട്രെയിലറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
ഇതേതുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്ത് എം എൽ എ ജിഗ്നേഷ് മേവാനി. തനിക്ക് മോദിയെക്കുറിച്ച് ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ചിത്രത്തിന്റെ പേര് ‘കാവൽക്കാരൻ കള്ളനാണ്’എന്നായിരിക്കുമെന്നും ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ മേവാനി പറഞ്ഞു.
നരേന്ദ്ര മോദിയുടെ ജീവിതത്തെക്കുറിച്ച് ഒരു ചിത്രം നിർമിക്കുകയാണെങ്കിൽ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുടെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നേടുന്നതിനേക്കാൾ കൂടുതൽ പണം നേടുമെന്നും മേവാനി പരിഹസിച്ചു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ ബിജെപിയുടെ പ്രതികൂല നിലപാടിനെയും മേവാനി വിമർശിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെന്നും സുപ്രീം കോടതി വിധി അംഗീകരിക്കണമെന്നും ആഘോഷിക്കണമെന്നും അതിനെ എതിർക്കുകയല്ല വേണ്ടതെന്നും മേവാനി പറഞ്ഞു.