പ്രളയാനന്തരം കേരളം; ഓഡിറ്റോറിയത്തിലെ ആഘോഷങ്ങൾക്ക് കാഴ്ചക്കാരായി വടക്കൻ പറവൂരിൽ അഞ്ച് കുടുംബങ്ങൾ

By Akhila Nandakumar  |  First Published Dec 18, 2018, 12:46 PM IST

പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട വടക്കൻ പറവൂരിലെ അഞ്ച് കുടുംബങ്ങൾ ഇപ്പോഴും മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ തുടരുകയാണ്.


കൊച്ചി: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട വടക്കൻ പറവൂരിലെ അഞ്ച് കുടുംബങ്ങൾ ഇപ്പോഴും മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ തുടരുകയാണ്. പുതിയ വീട് എന്ന് പണി പൂർത്തിയാക്കുമെന്ന് ഒരു ഉറപ്പും ലഭിക്കാത്ത ഇവർക്ക് താത്കാലിക കൂരകെട്ടി പാർക്കാൻ പോലും ഭൂമിയില്ല.

പറവൂരിലെ മുനിസിപ്പൽ ഓഡിറ്റോറിയം 4 മാസങ്ങൾക്ക് മുൻപ് നൂറുക്കണക്കിന് ആളുകൾ തിങ്ങിപ്പാർത്ത ദുരിതാശ്വാസ ക്യാംപായിരുന്നു. എന്നാൽ മടങ്ങിപ്പോകാൻ വീടില്ലാത്ത 13 പേർ ഇപ്പോഴും ഇവിടെ തുടരുന്നു. പല വിവാഹസത്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴും കരയെടുത്ത പ്രളയത്തിൽ വീടില്ലാതായ അഞ്ച് കുടുംബങ്ങൾ ഓഡിറ്റോറിയത്തിന്‍റെ ഒരു മൂലയിൽ വെറും കാഴ്ചക്കാർ മാത്രമാകുന്നു. 

Latest Videos

undefined

ഒന്ന് നന്നായി ഉണ്ടുറങ്ങിയ ദിവസം മറന്ന് പോയി ഇവര്‍. ആരെങ്കിലും കനിഞ്ഞ് ഭക്ഷണം കിട്ടിയാലായി. അല്ലെങ്കിൽ ഒരു കാലി ചായയിലാണ് പിടിച്ച് നിൽക്കുന്നത്. മാറിയുടുക്കാൻ ആരൊക്കെയോ തന്ന ഏതാനും വസ്ത്രങ്ങൾ മാത്രമാണ് ഇവര്‍ക്കുളളത്.

പല്ലൻതുരുത്തിലേക്ക് ശോഭന എന്നും പോകും, വീടിരുന്ന സ്ഥലത്ത് എല്ലാം തകർന്ന് കിടക്കുന്നു. എങ്കിലും ഇവിടെ വരുമ്പോൾ ശോഭനയ്ക്ക് ഒരു സമാധാനമാണ്. മൂന്ന് സെന്‍റാണെങ്കിലും സ്വന്തമെന്ന സുരക്ഷിതത്വം. പക്ഷേ രോഗിയായ മകനും തനിക്കും കയറിക്കിടക്കാൻ ഇവിടെ ഒരു വീട് എന്ന് ഉയരുമെന്ന് ശോഭനക്കറിയില്ല. മാസങ്ങളായി പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങുന്നു. തുടർച്ചയായി അവധികളെടുക്കേണ്ടി വന്നതോടെ ഉണ്ടായിരുന്ന ചെറിയ ജോലിയും പോയി.

ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്ന ഓ‍ഡിറ്റോറിയത്തിൽ നിന്ന് വിവാഹ ബുക്കിംഗ് ഉൾപ്പടെ ആളുകൾ പിൻവലിക്കുന്നു. ഇവിടെ നിന്ന് ഒഴിഞ്ഞ പോകണമെന്ന നിർബന്ധം കൂടി വരികയാണ്. ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർ വാടക തുക എവിടെ നിന്ന് കണ്ടെത്തുമെന്നാണ് ശോഭനയെ പോലുള്ളവർ ചോദിക്കുന്നത്.

 

click me!