ഏകദേശം 90 ലക്ഷം രൂപ മൂല്യം വരുന്ന മൂന്ന് കിലോ സ്വര്‍ണ്ണം, 64,000 രൂപ വിലമതിക്കുന്ന രണ്ടു കിലോ വെള്ളി ആഭരണങ്ങള്‍, കപ്‌ബോര്‍ഡില്‍ വെച്ചിരുന്ന പണം എന്നിവ മോഷണം പോയി എന്നായിരുന്നു പരാതിയില്‍ പറഞ്ഞത്
രാജ്‌കോട്ട്: ദരിദ്രനായ കാമുകനെ പൈലറ്റാക്കുവാന്‍ സ്വന്തം വീട് കൊള്ളയടിച്ച കാമുകി അറസ്റ്റില്‍. ഇരുപതുവയസുള്ള പ്രിയങ്ക പര്‍സാന എന്ന പെണ്‍കുട്ടിയാണ് കാമുകന് വേണ്ടി കടുംകൈ ചെയ്ത് പൊലീസ് പിടിയിലായത്. ബംഗലുരുവിലെ പൈലറ്റ് അക്കാദമിയില്‍ പഠിക്കുകയാണ് കാമുകന്‍. ഹേത്ത് ഷാ എന്നാണ് ഇരുപതുകാരനായ കാമുകന്‍റെ പേര്. നവംബര്‍ 29 ന് നടന്ന മോഷണത്തിന് പിന്നില്‍ മകള്‍ തന്നെയാണെന്നും കാമുകന് വേണ്ടിയാണ് ഇത് നടത്തിയതെന്നും അറിഞ്ഞപ്പോള്‍ പ്രിയങ്കയുടെ മാതാപിതാക്കള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, പ്രിയങ്കയുടെ പിതാവ് കിഷോര്‍ പര്‍സാന ഭക്തിനഗര്‍ പൊലീസ് സ്റ്റേഷനില്‍ മോഷണം നടന്ന ദിവസം തന്നെ പരാതി നല്‍കിയിരുന്നു. ഏകദേശം 90 ലക്ഷം രൂപ മൂല്യം വരുന്ന മൂന്ന് കിലോ സ്വര്‍ണ്ണം, 64,000 രൂപ വിലമതിക്കുന്ന രണ്ടു കിലോ വെള്ളി ആഭരണങ്ങള്‍, കപ്‌ബോര്‍ഡില്‍ വെച്ചിരുന്ന പണം എന്നിവ മോഷണം പോയി എന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. വീട്ടിലെ സാധനസാമഗ്രികള്‍ തച്ചുടച്ചും തല്ലിത്തകര്‍ത്തുമായിരുന്നു മോഷണം എന്ന് പൊലീസിന്‍റെ ആദ്യ പരിശോധനയില്‍ മനസിലായി.
undefined
ഉച്ചയ്ക്ക് ഒരുമണിയോടെ ഭാര്യയും തന്‍റെ രണ്ടാമത്തെ മകളും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കൃത്യം നടത്തിയതെന്നും പരാതിയില്‍ കിഷോര്‍ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണം കഴിക്കാന്‍ കിഷോര്‍ വന്നപ്പോഴാണ് വീട് അലങ്കോലമാക്കിയിരിക്കുന്നത് കണ്ടത്. തുടര്‍ന്നുള്ള പരിശോധനയില്‍ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടു.
വീട്ടിലെ ഉപകരണങ്ങള്‍ തകര്‍ത്തെങ്കിലും കബോര്‍ഡ് തകര്‍ത്തിരുന്നില്ല. പകരം ഡ്യൂപ്‌ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് തുറന്നത്. ഡ്യൂപ്‌ളിക്കേറ്റ് താക്കോലിനെ കുറിച്ച് അറിയാവുന്നയാളാണ് മോഷ്ടാവ് എന്ന് മനസ്സിലാക്കാന്‍ പോലീസിന് ഇത് സഹായകരമായി. ഇതോടെ കുടുംബത്തില്‍ തന്നെയുള്ള ആളാണ് മോഷ്ടാവ് എന്ന് മനസ്സിലാക്കിയ പൊലീസ് പ്രിയങ്കയുടെ മൊഴി പരിശോധിച്ചു. കൂടാതെ ഹൗസിംഗ് സൊസൈറ്റിയിലെ ടെലിവിഷന്‍ ദൃശ്യങ്ങളും പരിശോധിച്ചു. പിന്നീട് പ്രിയങ്കയുടെ ബന്ധങ്ങളും പരിശോധിച്ചു.
അന്വേഷണത്തില്‍ ഭക്തിനഗറിലെ ഗീതാഞ്ജലി പാര്‍ക്ക് നിവാസിയായ പ്രിയങ്കയും എയര്‍പോര്‍ട്ട് റോഡിലെ ഗീത്ത് ഗുജറാത്തി റോഡിലെ ഹേത്ത് ഷാ തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്ന് കണ്ടെത്തി. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പഠിക്കുന്ന രണ്ടുപേരും ട്യൂഷന്‍ ക്‌ളാസ്സിലാണ് കണ്ടുമുട്ടിയിരുന്നതും പ്രണയത്തിലായതെന്നും പൊലീസ് കണ്ടെത്തി.
പിന്നീട് അന്വേഷണം ഹേത്തിലേക്ക് പൊലീസ് എത്തിച്ചു, ഇയാളുടെ താമസ സ്ഥലത്തു നിന്നും മോഷണം പോയ പണവും വിലപ്പെട്ട വസ്തുവകകളും കണ്ടെത്തി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഹേത്ത് എല്ലാം തുറന്നു പറഞ്ഞു. പൈലറ്റാകാന്‍ കൊതിച്ചിരുന്ന ഹേത്തിന് കോഴ്‌സ് പഠിക്കുന്നതിനായി 20 ലക്ഷം രൂപ ആവശ്യം ഉണ്ടായിരുന്നു. കാമുകന്‍റെ സ്വപ്ന പൂര്‍ത്തീകരണത്തിനായി പ്രിയങ്ക പ്രതിജ്ഞാ ബദ്ധമാകുകയും വീട്ടില്‍ മോഷണനാടകം നടത്തുകയുമായിരുന്നു.
മോര്‍ബിയില്‍ സെഹാമിക് നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരന്റെ മകനായ ഹേത്ത് ദരിദ്രനാണ്. സമ്പന്ന കുടുംബത്തില്‍ നിന്നുമാണ് പ്രിയങ്ക വരുന്നത്. പ്രിയങ്കയാണ് മോഷ്ടാവെന്ന് മനസ്സിലാക്കിയതോടെ വീട്ടുകാര്‍ കേസ് പിന്‍വലിച്ചിരിക്കുകയാണ്.