റൊണാള്‍ഡോയും റാമോസും തമ്മിലല്ല; കളി സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലെന്ന്‌ സ്‌പാനിഷ്‌ പരിശീലകന്‍

By Web desk  |  First Published May 30, 2018, 3:29 PM IST
  • ലോകകപ്പിന്‌ മുമ്പ്‌ സ്‌പെയിന്‍ പരിശീലകന്‍ മനസ്‌ തുറക്കുന്നു

മാഡ്രിഡ്‌: സ്‌പെയിന്‍ കളി മെനയുന്നത്‌ കളത്തിലല്ല, ഓരോ കളിക്കാരന്റെയും മനസിലാണ്‌. 2008 യൂറോ മുതല്‍ സ്‌പാനിഷ്‌ നിരയുടെ പ്രകടനങ്ങളെ വാഴ്‌ത്തിപ്പാടിയവര്‍ ഉപയോഗിച്ചു തേഞ്ഞു പോയ വാക്കുകളാണിത്‌. പക്ഷേ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര സൗന്ദര്യമായിരുന്നു ആ കുറിയ പാസുകളുടെ വിജയം. ടിക്കി ടാക്ക ശൈലിയുടെ കരുത്തില്‍ രണ്ടു തവണ യൂറോ കപ്പും 2010ല്‍ ലോകകപ്പും അവര്‍ സ്വന്തമാക്കി. എന്തിനും ഒരു അവസാനമുണ്ടെന്നു പറയുന്നത്‌ പോലെ പതിയെ പ്രൗഢി നഷ്ടപ്പെട്ട്‌ തിരിച്ചടികളുടെ കാലത്തിലൂടെയാണ്‌ സ്‌പാനിഷ്‌ സംഘം സഞ്ചരിച്ചിരുന്നത്‌. എന്നാല്‍, സ്‌പാനിഷ്‌ പരിശീലകനായി ജൂലന്‍ ലെപ്‌റ്റെഗ്യുയി എത്തിയതോടെ ടീമിന്റെ ശുക്രദശ തെളിഞ്ഞിരിക്കുകയാണ്‌. ലോകത്തിന്റെ നെറുകയില്‍ രണ്ടാം വട്ടവുമെത്താന്‍ കച്ചക്കെട്ടി സെര്‍ജിയോ റാമോസും സംഘവും ഒരുങ്ങി കഴിഞ്ഞു. ടീമിന്റെ പ്രകടനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ സ്‌പാനിഷ്‌ പരിശീലകന്‍ ജൂലന്‍ ലെപ്‌റ്റെഗ്യുയി മനസ്‌ തുറക്കുന്നു.

  • ഐബീരിയന്‍ ക്ലാസിക്‌

ലോകകപ്പിന്റെ രണ്ടാം ദിനം തന്നെ ഫുട്‌ബോള്‍ ആരാധകര്‍ക്ക്‌ വിരുന്നൊരുക്കിയെത്തുന്നത്‌ സ്‌പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടമാണ്‌. ഗ്രൂപ്പ്‌ ബിയില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ തീപ്പൊരി ചിതറുമെന്ന കാര്യം ഉറപ്പിക്കാം. പറങ്കിപ്പടയും സ്‌പാനിഷ്‌ സംഘവും പോരടിക്കുമ്പോള്‍ അത്‌ ഇരു ടീമുകളുടെയും നായകന്മാര്‍ തമ്മിലുള്ള അങ്കമായും ആരാധകര്‍ ചിത്രീകരിക്കുന്നുണ്ട്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം നേടിയ പകിട്ടുമായെത്തുന്ന റയല്‍ മാഡ്രിഡ്‌ താരങ്ങളായ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയും സെര്‍ജിയോ റാമോസും പരസ്‌പരം കൊമ്പുകോര്‍ക്കും. എന്നാല്‍, ഈ വിശേഷണങ്ങളല്ല മത്സരത്തിനു ചാര്‍ത്തി കൊടുക്കേണ്ടതെന്ന വിശദീകരണമാണ്‌ സ്‌പാനിഷ്‌ പരിശീലകന്‍ ജൂലന്‍ ലെപ്‌റ്റെഗ്യുയി നല്‍കുന്നത്‌. ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഇതിഹാസ താരമാണ്‌. കളിച്ച ടീമുകള്‍ക്കെല്ലാം വേണ്ടി അത്ഭുത പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുമുണ്ട്‌. കൂടാതെ, പോര്‍ച്ചുഗല്‍ നിലവിലെ യൂറോ കപ്പ്‌ ചാമ്പ്യന്മാരുമാണ്‌. പക്ഷേ, ഒരു ടീം എന്ന നിലയില്‍ എങ്ങനെ കളിക്കുന്നു എന്നതാണ്‌ പ്രാധാന്യമുള്ള കാര്യമെന്ന്‌ അദ്ദേഹം പറയുന്നു. ക്രിസ്‌റ്റിയാനോയും സ്‌പെയിനും തമ്മിലോ ക്രിസ്‌റ്റിയാനോയും റാമോസും തമ്മിലോ അല്ല, ഐബീരിയന്‍ ഡെര്‍ബിയില്‍ കാണാന്‍ പോകുന്നത്‌ സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണെന്നും സ്‌പാനിഷ്‌ പരിശീലകന്‍ വ്യക്തമാക്കി.

  • തിരിച്ചുവരവ്‌ സാധ്യമോ

Latest Videos

കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടിലും യൂറോ കപ്പില്‍ രണ്ടാം റൗണ്ടിലും സ്‌പെയിന്‍ പുറത്തായപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്‌ ഫുട്‌ബോള്‍ ലോകമാണ്‌. അതിനു ശേഷം വിന്‍സെന്റ്‌ ഡെല്‍ ബോസ്‌കിനു പകരം ജൂലന്‍ ലെപ്‌റ്റെഗ്യുയി എത്തിയതോടെ പരാജയത്തിന്റെ കയ്‌പുനീര്‍ കാളപ്പോരിന്റെ നാട്ടുകാര്‍ രുചിച്ചിട്ടില്ല. അതു കൊണ്ട്‌ ജൂലന്‌ റഷ്യയില്‍ തന്റെ ടീമിന്റെ പ്രകടനത്തെപ്പറ്റി ആശങ്കകള്‍ ഒന്നുമില്ല. പ്രധാന താരങ്ങള്‍ എല്ലാ പൂര്‍ണ ഫിറ്റായതും പരിശീലകന്റെ ആത്മവിശ്വാസം ഏറ്റുന്നു.

  • 18 മത്സരങ്ങളായി അപരാജിതര്‍

തന്റെ പരിശീലനത്തില്‍ ടീം തോല്‍വിയറിയാതെ കുതിക്കുന്നതിനെ തന്റെ മികവായി അടയാളപ്പെടുത്താനും പരിശീലകന്‍ തയാറല്ല. സ്‌പെയിന്‍ സാധാരണഗതിയില്‍ അധികം മത്സരങ്ങളില്‍ തോല്‍ക്കാറില്ല. യൂറോയ്‌ക്കു ശേഷം ലോകകപ്പ്‌ യോഗ്യത മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലും പന്തു തട്ടി. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വളരെ നന്നായി ടീം കളിച്ചിട്ടുണ്ട്‌. ഇക്കാലയളവില്‍ വലിയ മത്സരങ്ങളിലും മാറ്റുരച്ചിട്ടുണ്ട്‌. ലോകകപ്പ്‌ യോഗ്യത റൗണ്ടില്‍ ഇറ്റലിയും സ്‌പെയിനും ഒരു ഗ്രൂപ്പിലായിരുന്നു. അവിടെയും മികച്ച വിജയം നേടാന്‍ സാധിച്ചെന്ന്‌ അദ്ദേഹം പറയുന്നു.

  • ബാര്‍സയും റയലും

2010ല്‍ ലോകകപ്പ്‌ സ്വന്തമാക്കുമ്പോള്‍ സ്‌പെയിന്‍ നിരയില്‍ ബാര്‍സലോണ താരങ്ങളായിരുന്നു അധികവും. എന്നാല്‍, റഷ്യയില്‍ റയല്‍ മാഡ്രിഡിനാണ്‌ അംഗബലം കൂടുതല്‍. ടീം പ്രഖ്യാപനം മുതല്‍ ലോകം ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിലും കൃത്യമായ ഉത്തരം ലെപ്‌റ്റെഗ്യുയി നല്‍കുന്നു. ഓരോ താരത്തിന്റെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ ടീമിനെയാണ്‌ താന്‍ തെരഞ്ഞെടുക്കുന്നത്‌. ക്ലബ്ബുകളുടെ പേരില്‍ അതിനെ തരം തിരിക്കേണ്ട കാര്യമില്ല. 2010ല്‍ ഐകര്‍ കസിയസും സെര്‍ജിയോ റാമോയും സാബി അലന്‍സോയും പോലെ തന്നെ സാവിയും ആന്ദ്രേ ഇനിയേസ്‌റ്റയും പ്രധാനമായിരുന്നു. ലോകപ്പിനിറങ്ങുന്ന ഒരു ടീമിനെ വേണ്ടത്‌ മികച്ച താരങ്ങളെയാണ്‌, അത്‌ നോക്കാതെ ഒരു ക്ലബ്ബില്‍ നിന്ന്‌ എത്ര താരങ്ങളുണ്ടെന്ന്‌ പരിശോധിക്കരുത്‌.

  • ഗോള്‍ മഴ പിറക്കുമോ

ലോകകപ്പ്‌ നേടിയപ്പോള്‍ പോലും ഗോള്‍ നേടുന്നതില്‍ സ്‌പാനിഷ്‌ സംഘത്തിന്റെ പിശുക്ക്‌ 2010ല്‍ ചര്‍ച്ചയായിരുന്നു. പക്ഷേ, അതെല്ലാം മറന്നേക്കാനാണ്‌ ജൂലന്‍ ലെപ്‌റ്റെഗ്യുയി പറയുന്നത്‌. കഴിഞ്ഞ 18 മത്സരങ്ങളില്‍ 60 ഗോളുകളാണ്‌ ടീം നേടിയത്‌. അതായത്‌ ശരാശരി മൂന്നു ഗോളുകളില്‍ അധികം ഒരു മത്സരത്തില്‍ നേടാനായി. ഈ പ്രകടനത്തില്‍ താന്‍ സംതൃപ്‌തനാണ്‌. എതിരാളിയേക്കാള്‍ ഒരു ഗോള്‍ എങ്കിലും അധികം നേടി മത്സരം ജയിക്കുകയാണ്‌ പ്രധാനം. കുറവ്‌ ഗോളുകള്‍ വഴങ്ങി കൂടുതല്‍ നേടാന്‍ ടീമിനു സാധിക്കും.

click me!