ഡാവിർ സുക്കർ; കുഞ്ഞന്‍മാരുടെ രാജാവ്

By Web Desk  |  First Published May 29, 2018, 6:34 PM IST
  • 1998 ലോകകപ്പില്‍ ക്രൊയേഷ്യയെ മൂന്നാമതെത്തിച്ച ഡാവിർ സുക്കർ എന്ന മജീഷ്യനെ കുറിച്ച് ശ്യം അജിത് കെ എഴുതുന്നു

ലോകകപ്പ് ഫുട്ബോളിനെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക 1998 ഫ്രാൻസ് ലോകകപ്പ് തന്നെയാണ്. ആദ്യമായി ടിവിയിൽ കണ്ട ലോകകപ്പിലെ ഓർമ്മകൾക്ക് ഇപ്പോഴും ഈഫൽ ഗോപുരത്തോളം ഉയരമുണ്ട്. 

ലോകകപ്പ് തുടങ്ങുമ്പോൾ തന്നെ ക്ലബിലെ ചേട്ടന്മാർ കപ്പടിക്കാൻ സാധ്യയുള്ള പല രാജ്യങ്ങളുടെയും പേരുകൾ പറഞ്ഞിരുന്നു. ബാജിയോയുടെ ഇറ്റലി, റോ ത്രയങ്ങളുടെ ബ്രസീൽ, ബാറ്റിയുടെ അർജന്റീന അങ്ങനെ പലതും. പക്ഷെ ക്രൊയേഷ്യ എന്ന ഒരു പേര് ആരും പറഞ്ഞതായി ഓർക്കുന്നില്ല. ആദ്യമായി ലോകകപ്പിനെത്തുന്ന 1992ൽ രൂപീകൃതമായ  ഇത്തിരിക്കുഞ്ഞന്മാരായ ഒരു രാജ്യം വെറുതെ എണ്ണം തികയ്ക്കാൻ വന്നതാണെന്ന് എല്ലാവരും കരുതി. പക്ഷെ അവരോടൊപ്പം ഒരു രാജകുമാരനുണ്ടായിരുന്നു. തോൽക്കാൻ തയ്യാറല്ലാത്ത ഡാവിർ സുക്കർ എന്ന നക്ഷത്രക്കണ്ണുള്ള രാജകുമാരൻ. അവന്റെ ചിറകിലേറി ക്രൊയേഷ്യ കുതിക്കുന്ന കാഴ്ചയാണ് പിന്നീട് ഫുട്ബോൾ ലോകം കണ്ടത്.

Latest Videos

1998 ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഒന്‍പതു മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍

സുക്കറിന്റെ ഫുട്ബോൾ ജീവിതത്തിനു ക്രൊയേഷ്യ എന്ന രാജ്യത്തിന്റെ ചരിത്രത്തെക്കാൾ പഴക്കമുണ്ട്. ക്രൊയേഷ്യ രൂപീകൃതമാകുന്നതിനു മുൻപുതന്നെ മാതൃരാജ്യമായ യൂഗോസ്ലാവ്യൻ ലീഗിൽ ടോപ് സ്കോററായിരുന്നു സുക്കർ. ഈ പ്രകടനം മൂലം സാക്ഷാൽ മറഡോണ കളിച്ചുകൊണ്ടിരുന്ന സെവിയ്യയിലൂടെ സ്‌പാനിഷ് ലീഗിൽ രംഗപ്രവേശം ചെയ്യാൻ സുക്കറിന് സാധിച്ചു. പിന്നീട് റയൽ മാഡ്രിഡിലെത്തിയ സുക്കർ റയലിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടി.ക്ലബ്‌ തലത്തിലെ തന്റെ നേട്ടങ്ങൾ രാജ്യത്തിനുവേണ്ടിയും അവർത്തിക്കാനുറച്ചു തന്നെയായിരുന്നു സുക്കറിന്റെ വരവ്. 1996 യുറോകപ്പ്‌ യോഗ്യതാറൗണ്ടിൽ 12 ഗോളുകളും ടൂർണമെന്റിൽ നാലു മത്സരങ്ങളിൽ നിന്നും മൂന്നും ഗോളുകൾ നേടി അദ്ദേഹം നേരത്തെതന്നെ തന്റെ വരവറിയിച്ചിരുന്നു. 1998 ലോകകപ്പ് യോഗ്യതാറൗണ്ടിലാകട്ടെ ഒൻപതു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും സുക്കർ അടിച്ചുകൂട്ടി. 

ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ദുർബലരായ ജമൈക്കക്കെതിരെ ക്രൊയേഷ്യ 3-1നു അനായാസ വിജയം നേടിയപ്പോൾ മൂന്നാമത്തെ ഗോൾ സുക്കറിന്റെ വകയായിരുന്നു. രണ്ടാം മത്സരത്തിലാകട്ടെ സുക്കറിന്റെ ഗോളിന് ഏഷ്യൻ ശക്തികളായ ജപ്പാനെ 1-0നു കീഴടക്കി. മൂന്നാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയോട് തോറ്റെങ്കിലും ക്രൊയേഷ്യൻ സംഘത്തിന്റെ പോരാട്ടവീര്യം ഏറെ പ്രശംസനേടി. ഇതോടെ ആറു പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിൽ റുമാനിയയെ സുക്കറിന്റെ പെനാൽറ്റി ഗോളിന് മറികടന്ന ക്രൊയേഷ്യക്കു എതിരാളികളായത് കിരീടസാധ്യത ഏറെ കല്പിക്കപ്പെട്ടിരുന്ന ജര്‍മനിയായിരുന്നു. എന്നാൽ സാക്ഷാൽ ക്ലിൻസ്മാനും മതെയൂസും അടങ്ങുന്ന ജർമനിയെ സുക്കറിന്റേതടക്കം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തകർത്ത ക്രൊയേഷ്യ ആതിഥേയരായ ഫ്രാന്‍സുമായി സെമിഫൈനൽ മത്സരത്തിന് തീയതികുറിച്ചു.സെമിഫൈനലിൽ 75000ത്തോളം വരുന്ന  കാണികളെ സ്തബ്ധരാക്കിക്കൊണ്ടു സുക്കർ നാല്പത്തിയാറാം മിനിറ്റിൽ ഫ്രാൻസിന്റെ വല കുലുക്കി ലോകകപ്പിലെ തന്റെ അഞ്ചാം ഗോൾ നേടിയപ്പോൾ ഫുട്ബോൾ ലോകം മറ്റൊരു അട്ടിമറി പ്രതീക്ഷിച്ചെങ്കിലും തുറാമിന്റെ കായികജീവിതത്തിലെ തന്നെ രണ്ടേ രണ്ടു ഗോളുകളോടെ ഫ്രാൻസ് ക്രൊയേഷ്യൻ വീര്യത്തെ തോൽപിച്ച് ഫൈനലിൽ പ്രവേശിച്ചു. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ഹോളണ്ടിനെ ക്രൊയേഷ്യ 2-1നു തകർത്തപ്പോൾ നിർണായകമായ രണ്ടാം ഗോൾ നേടി സുക്കർ ടൂർണമെന്റിലെ തന്റെ ഗോൾനേട്ടം ആറാക്കി.

റൊണാൾഡോയെയും ബാറ്റിയെയുമൊക്കെ പിന്നിലാക്കി ആറു ഗോളുകളുമായി ആ ലോകകപ്പിലെ സുവർണപാദുകവും റൊണാൾഡോക്കു മാത്രം പിന്നിലായി സിൽവർ പന്തും സുക്കർ കരസ്ഥമാക്കി. 1998ലെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള മത്സരത്തിൽ രണ്ടാമതെത്താനും സുക്കറിനായിരുന്നു. അസാമാന്യ ഫിനിഷിങ് പാടവവും ഡ്രിബ്ലിങ് മികവുമായിരുന്നു സുക്കറിന്റെ കൈമുതൽ. അതുമായി അവൻ നടന്നുകയറിയത് ലോകകപ്പിലെ മഹാരഥൻമാരുടെ പട്ടികയിലേക്കായിരുന്നു.

ഒട്ടും സാധ്യതയില്ലാതിരുന്ന ക്രൊയേഷ്യ എന്ന് ചെറിയ രാജ്യത്തെ മൂന്നാം സ്ഥാനം വരെയെത്തിച്ച അവരുടെ രാജകുമാരൻ തന്നെയായിരുന്നു ഫ്രാൻസ് ലോകകപ്പിലെ മിന്നും താരം...

click me!