പ്രശസ്‍ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ മരിച്ചെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. തുടര്‍ന്ന് ഗായകന്‍ തന്നെ താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോയുമായി രംഗത്തെത്തി.
തിരുവനന്തപുരം: പ്രശസ്‍ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ മരിച്ചെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. തുടര്‍ന്ന് ഗായകന്‍ തന്നെ താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോയുമായി രംഗത്തെത്തി.
'ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി' എന്നു തുടങ്ങുന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാട്‍സ് ആപ്പിലും ഫേസ് ബുക്കിലും ഇന്ന് വൈകുന്നേരം മുതലാണ് സന്ദേശം പ്രചരിച്ചു തുടങ്ങിയത്. നിരവധി പേര്‍ ഇതു പങ്കു വയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് വീഡിയോയുമായി എരഞ്ഞോളി മൂസ തന്നെ രംഗത്തെത്തിയത്.
"ഞാന്‍ എരഞ്ഞോളി മൂസയാണ്. ജീവനോടു കൂടി പറയുന്നതാണ്. എന്നെപ്പറ്റിയൊരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അത് ഇല്ലാത്തതാണ്. തെറ്റ് ചെയ്‍തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം.." ഇങ്ങനെയാണ് മൂസയുടെ വീഡിയോയില്‍ പറയുന്നത്.
തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിക്കാരനായ 'വലിയകത്ത് മൂസ'യാണ് പിന്നീട് എരഞ്ഞോളി മൂസ എന്ന പേരില്‍ പ്രസിദ്ധനായത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. 'അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ' എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്.
രാഘവൻ മാസ്റ്റരുടെ കൈപിടിച്ച് ആകാശവാണിയിൽ പാടിയത് മുതലാണ് എരഞ്ഞോളി മൂസ എന്ന പേര് പ്രസിദ്ധമാകുന്നത്. അടുത്തകാലത്ത് ഹിറ്റായ 'മാണിക്യ മലരായ പൂവി' എന്ന ഗാനം ആദ്യകാലത്ത് ആലപിച്ചതും ഇദ്ദേഹമായിരുന്നു. 'മി അറാജ് ', 'മൈലാഞ്ചിയരച്ചല്ലോ', കെട്ടുകൾ മൂന്നും കെട്ടി' തുടങ്ങി നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും നിരവധി നാടക ഗാനങ്ങളും ഇദ്ദേഹത്തിന്‍റെതായിട്ടുണ്ട്. മുന്നൂറിലധികം തവണ ഗൾഫ് രാജ്യങ്ങളിലും മൂസ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.