കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദേശീയ പാതയില്‍ അക്രമാസക്തനായ കാട്ടാനയെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച 40കാരന് ദാരുണാന്ത്യം. ജല്‍പായ്ഗുരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാധിക് റഹ്മാനാണ് മരിച്ചത്. ജല്‍പായ്ഗുരി ജില്ലയിലെ ലതാഗുരി വനപ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ദേശീയ ഹൈവേ-31 ല്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന കൊമ്പനെ കണ്ടതോടെ സാധിക് വാഹനത്തിനുള്ളില്‍ നിന്നിറങ്ങി ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 15 മിനുട്ടോളം ആക്രമണം നടത്തിയ ശേഷം ആന കാട്ടിലേക്ക് മറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.
undefined
അതേസമയം, ഈ പ്രദേശത്ത് കാട്ടാനകള്‍ സ്ഥിരമായി റോഡ് മുറിച്ച് കടക്കാറുണ്ടെന്നും ആ സമയത്ത് ആളുകള്‍ വാഹനം നിര്‍ത്തി അവയ്ക്കു പോകാന്‍ സൗകര്യം ഒരുക്കുകയും ചെയ്യാറാണ് പതിവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ലംഘിച്ച് സാധിക് പുറത്തിറങ്ങിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു. സംസ്ഥാന വനംവകുപ്പിന്റെ രേഖകള്‍ പ്രകാരം ആനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം 84 പേര്‍ കൊല്ലപ്പെട്ടിരുന്നു.