തിരുവനന്തപുരം: ഇനി വൈദ്യുതി ബില്ലടയ്ക്കാന്‍ ക്യൂ നില്‍ക്കേണ്ട. മൊബൈൽ നമ്പർ ഉപയോഗിച്ച് വൈദ്യുതി ബിൽ അടയ്ക്കാന്‍ കഴിയുന്നതുള്‍പ്പെടെ പുതിയ പദ്ധതികളാണ് കെ.എസ്.ഇ.ബി ആവിഷ്കരിച്ചിരിക്കുന്നത്.. പുതിയ സേവനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ബുധനാഴ്ച്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവഹിക്കും.
വൈദ്യുതി ബിൽ തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു നേരിട്ട് ഈടാക്കുന്ന പദ്ധതിയാണ് ആദ്യത്തേത്. ഇതിനായി കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യയിലൂടെ നടപ്പിലാക്കുന്ന നാഷണൽ ഓട്ടോമേറ്റഡ് ക്ലീറിങ് ഹൗസ് സംവിധാനം ഉപയോഗിക്കും. ഇതിനുളള സമ്മതപത്രം ഉപഭോക്താവ് ഒരിക്കല്‍ തങ്ങളുടെ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ നൽകിയാൽ മാത്രം മതി.
undefined
ഇതിന് പുറമെ www.kseb.in എന്ന വെബ്‌സൈറ്റിൽ കയറിയ ശേഷം ക്വിക്ക് പേ അല്ലെങ്കില്‍ രജിസ്‌ട്രേഷൻ ഓപ്‌ഷൻ തിരഞ്ഞെടുക്കാം. ശേഷം സെക്ഷൻ ഓഫീസ്, കണ്‍സ്യൂമർ നമ്പർ, ബിൽ നമ്പർ തുടങ്ങിയവ നൽകുക. ശേഷം പണം അടയ്ക്കാനായി ഇന്‍റര്‍നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. തുടർന്ന് മൊബൈൽ മെസ്സേജ് ആയി ലഭിക്കുന്ന ഒ.ടി.പി കോഡ് വെബ്‌സൈറ്റിൽ കൊടുത്ത് പേയ്മെന്‍റ് കണ്‍ഫർമേഷൻ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും വൈദ്യുതി ബില്ലിന്‍റെ പണം പിൻവലിക്കും.
പണം അടച്ചതിന്‍റെ രസീത് മൊബൈലിൽ മെസ്സേജ് ആയും ഇമെയിൽ സന്ദേശമായും നിങ്ങൾക്ക് ലഭിക്കും. കെ.എസ്.ഇ.ബി എന്ന പേരിൽ രൂപം നൽകിയ മൊബൈൽ ആപ്ലികേഷൻ ആണ് രണ്ടാമത്തേത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഇതുവഴി നിങ്ങൾക്ക് അനായാസം വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയും.