ഭൂമിയുടെ ഭ്രമണവേഗം കുറയുന്നു; 2018ല്‍ വന്‍ ഭൂകമ്പ സാധ്യതയെന്ന് ശാസ്ത്രലോകം

By Web Desk  |  First Published Nov 21, 2017, 1:34 PM IST

ന്യൂയോര്‍ക്ക്: ഭൂമിയുടെ ഭ്രമണവേഗത്തിലുള്ള വ്യതിയാനം മൂലം അടുത്തവര്‍ഷം ലോകത്ത് വിനാശകരമായ ഭൂകമ്പങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി ശാസ്ത്രലോകം. ഭൂമിയുടെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വളരെ സൂക്ഷ്മമാണെങ്കില്‍ പോലും വലിയ അളവിലുള്ള ഭൂഗര്‍ഭ ഊര്‍ജ്ജ വികിരണത്തിന് അത് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1900 മുതല്‍ ഉണ്ടായ വന്‍ ഭൂകമ്പങ്ങളെ അടിസ്ഥാനമാക്കി കൊളറാഡോ യൂണിവേഴ്സിറ്റിയിലെ റോജര്‍ ബില്‍ഹാമും മൊണ്ടാന യൂണിവേഴ്സിറ്റിയിലെ റെബേക്ക ബെന്‍ഡിക്കുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കഴിഞ്ഞ മാസം നടന്ന അമേരിക്കന്‍ ജിയോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ വച്ചാണ് ഭൂമിയുടെ ഭ്രമണവേഗവും ഭൂകമ്പ സാധ്യതയും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യുന്നത്.

Latest Videos

undefined

ഭൂമിയുടെ ഭ്രമണവേഗം കുറയുന്നതും ഭൂകമ്പങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. ദിവസത്തിന്റെ നീളത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വളരെ സൂക്ഷ്മമാണെങ്കില്‍ പോലും വലിയ അളവിലുള്ള ഭൂഗര്‍ഭ ഊര്‍ജ്ജ വികിരണത്തിന് കാരണമാകുമെന്നും ഇത് വന്‍ഭൂചലനങ്ങള്‍ക്ക് കാരണമാകുമെന്നും ഇവര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ 32 വര്‍ഷത്തിനിടെ 7 ല്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളുടെ എണ്ണം കൂടിയതായും മറ്റ് കാലങ്ങളെ അപേക്ഷിച്ച് അഞ്ച് ഘട്ടങ്ങളില്‍ ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും അവര്‍ കണ്ടെത്തി. ബാക്കിയുള്ള കാലഘട്ടങ്ങളില്‍ പ്രതിവര്‍ഷം 15 ഓളം ഭൂകമ്പങ്ങളുണ്ടായപ്പോള്‍ അഞ്ച് കാലഘട്ടങ്ങളില്‍ പ്രതിവര്‍ഷം 25 മുതല്‍ 30 വരെ തീവ്രമായ ഭൂമികുലുക്കങ്ങളാണ് ഉണ്ടായതെന്ന് ബില്‍ഹാം പറയുന്നു.ഈ സമയത്തുണ്ടായ തീവ്രമായ ഭൂചലന പ്രവണതകളും മറ്റ് ഘടകങ്ങളുമായി താരതമ്യം ചെയ്തപ്പോഴാണ് ഭൂമിയുടെ ഭ്രമണവേഗം വളരെ സൂക്ഷമമായി കുറയുമ്പോള്‍ ഭൂകമ്പങ്ങളുടെ എണ്ണം പെരുകുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടയില്‍ ഒരോ അഞ്ചു വര്‍ഷത്തിന്റെ ഇടവേളകളില്‍ ഭൂമിയുടെ ഭ്രമണവേഗം കുറയുന്ന സംഭവം നിരവധി തവണ ഉണ്ടായി. ഈ കാലഘട്ടങ്ങളിലാണ് തീവ്ര ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. ഭൂമിയുടെ ഭ്രമണവേഗത്തിലെ കാലാനുസാരിയായ കുറവ് ആരംഭിച്ചത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നത് ഈ ബന്ധത്തെ നിര്‍ണായകമാക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം തീവ്ര ഭൂകമ്പങ്ങളുടെ എണ്ണം കുത്തനെ കൂടും.

ഈ വര്‍ഷം അത്തരത്തിലുള്ള ആറോ ഏഴോ ഭൂകമ്പങ്ങള്‍ മാത്രമാണ് ഇതുവരെ ഉണ്ടായത്. 2018ല്‍ ഇത് ഇരുപതെണ്ണം വരെയായി വര്‍ദ്ധിക്കാമൊണ് ബില്‍ഹാമും ബെന്‍ഡിക്കും പ്രവചിക്കുന്നത്.ദിവസത്തിന്റെ നീളത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലം ഭൂമധ്യരേഖ പ്രദേശത്താവും ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ളതെും ബില്‍ഹാം ചൂണ്ടിക്കാണിക്കുന്നു.

click me!