'ഉമ്മാക്ക് ഒരു മകന്‍ കൂടിയുണ്ട്, ഭാര്യക്ക് വിദ്യാഭ്യാസവും': 'മഹല്ല് നിയമം' വിലപ്പോവില്ലെന്ന് ഡാനിഷ് റിയാസ്

By Web Team  |  First Published Feb 16, 2019, 3:12 PM IST

കഴിഞ്ഞ ദിവസം നമ്മുടെ 40ല്‍ അധികം ജവാന്മാരെ കൊലപ്പെടുത്തിയ ആദില്‍ അഹമ്മദിനെപോലുള്ളവരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഈ മഹല്ലിലുള്ളവര്‍ ഒരുമിച്ച് കൂടിയോ?


പാലക്കാട്: തൃത്താലയില്‍ വിവാഹ റിസപ്ഷനില്‍ സ്ത്രീകള്‍ വേദിയില്‍ കയറി ചിത്രമെടുത്തതിനും ഡാന്‍സ് ചെയ്തതിനുമെതിരെ മഹല്ല് കമ്മറ്റി നടത്തുന്ന ഭീഷണിക്ക് വഴങ്ങില്ലെന്ന്  ഡാനിഷ് റിയാസ്. തന്നെയും കുടുംബത്തേയും മഹല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. ഇനി മഹല്ല് കമ്മറ്റിയെ അപമാനിച്ചു എന്ന് പറഞ്ഞ് തനിക്കെതിരെ കേസ് കൊടുക്കാനാണ് നീക്കം. 

ഞാന്‍ കാരണം അവര്‍ക്ക് നാണക്കേടായത്രേ. ആദ്യം മഹല്ല് സെക്രട്ടറി ഔദ്യോഗികമായി പുറത്ത് വിട്ട സ്റ്റേറ്റ്‌മെന്റിന്റെ സ്‌ക്രീന്‍ ഷോട്ട് താഴെ നോക്കുക. പിന്നെ മനസ്സിലായിക്കാണണം ഇത്രയും മാധ്യമങ്ങളുമായി കളിച്ചാല്‍ എത്തില്ല എന്ന്. അതുകൊണ്ട് അവരെ ഒഴിവാക്കി, നിയമ നടപടികളെ ഭയന്നാകണം എന്റെ വീട്ടുകാരെയും ഒഴിവാക്കി. പിന്നെ എന്റെ പേരില്‍ അതും ‘മത സ്പര്‍ദ്ധയുണ്ടാക്കുന്ന വിമര്‍ശകന്‍’ എന്ന പേരില്‍ ഒരു പുതിയ കേസെടുപ്പിക്കുക എന്ന ഗൂഢമായ ആലോചനയിലെത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്. 

Latest Videos

undefined

കഴിഞ്ഞ ദിവസം നമ്മുടെ 40′ തില്‍ അധികം ജവാന്മാരെ കൊലപ്പെടുത്തിയ ആദില്‍ അഹമ്മദിനെപോലുള്ളവരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഈ മഹല്ലിലുള്ളവര്‍ ഒരുമിച്ച് കൂടിയോ? ഇന്നോവയില്‍ പെണ്‍കുട്ടിയ പീഡിപ്പിച്ച അത്തരം മുസ്ലിയാമാര്‍ക്കെതിരെ ഇവര്‍ കമ്മറ്റി കൂടി പ്രസ്ഥാവനകള്‍ പുറപ്പെടുവിച്ചോ ? ഡാനിഷ് ചോദിക്കുന്നു. ഒരു കാര്യം എനിക്കുറപ്പാണ്. കേരളത്തിലെ ഭൂരിപക്ഷ മുസ്ലീങ്ങള്‍ പോലും അംഗീകരിക്കാത്ത ഒരു ”മഹല്ല് നിയമം” ഈ ബഹുസ്വര സമൂഹത്തില്‍ വിലപ്പോവില്ല- ഡാനിഷ് വ്യക്തമാക്കി

ഡാനിഷ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളെ

ഇന്നലത്തെ ജനറൽ ബോഡിയിൽ എനിക്കെതിരെ എന്റെ മഹല്ല് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ കാരണം അവർക്ക് നാണക്കേടായത്രേ. ആദ്യം മഹല്ല് സെക്രട്ടറി ഔദ്യോഗികമായി പുറത്ത് വിട്ട സ്റ്റേറ്റ്മെന്റിന്റെ സ്‌ക്രീൻ ഷോട്ട് താഴെ നോക്കുക. പിന്നെ മനസ്സിലായിക്കാണണം ഇത്രയും മാധ്യമങ്ങളുമായി കളിച്ചാൽ എത്തില്ല എന്ന്. അതുകൊണ്ട് അവരെ ഒഴിവാക്കി, നിയമ നടപടികളെ ഭയന്നാകണം എന്റെ വീട്ടുകാരെയും ഒഴിവാക്കി. പിന്നെ എന്റെ പേരിൽ അതും 'മത സ്പർദ്ധയുണ്ടാക്കുന്ന വിമർശകൻ' എന്ന പേരിൽ ഒരു പുതിയ കേസെടുപ്പിക്കുക എന്ന ഗൂഢമായ ആലോചനയിലെത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.

വർഷങ്ങളായിട്ട് എന്നെ വായിക്കുന്ന നിങ്ങൾ പറയൂ... ഒരു കമ്മ്യൂണൽ ഇഷ്യു ഉണ്ടാക്കുന്ന എന്ത് എഴുത്തുകളാണ് ഞാൻ എഴുതാറ്. രാജ്യത്തെ ഹിന്ദുത്വ / ഇസ്ലാമിക തീവ്രവാദികൾക്കെതിരെ എഴുതുന്നതോ, 
സുപ്രീം കോടതി നിർത്തലാക്കിയ മുത്തലാഖിനെ സ്വാഗതം ചെയ്തതോ, മദ്രസയിൽ മതത്തോടൊപ്പം കുഞ്ഞുങ്ങൾക്ക് അൽപ്പം ശാസ്ത്രവും കൂടി പഠിപ്പിക്കട്ടെ എന്ന് പറഞ്ഞതോ, ആണായാലും പെണ്ണായാലും മനുഷ്യന്റെ ഐഡന്റിറ്റിയായ മുഖം ഒഴിച്ച് ബാക്കി മറക്കുകയോ മറക്കാതിരിക്കുകയോ ചെയ്യട്ടെ എന്നെഴുതിയതോ, ആണിനും പെണ്ണിനും ഒരേ സ്വാതന്ത്രമാണെന്ന് പറഞ്ഞതോ, മതവും രാഷ്ട്രീയവും ഏതെന്ന് നോക്കാതെയുള്ള ആരോഗ്യപരമായതും സഭ്യത വിടാത്തതുമായ വിമർശനങ്ങളും ട്രോളുകളുമാണോ, കൂട്ടുകാരോട് ഞാൻ ജൂതനാണെന്ന് കളി പറയുന്നതോ, അതോ ശാസ്ത്ര പുരോഗതിയിലൂന്നിയ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതോ, മനസ്സ് വെച്ചാൽ 'ഭൂമിയിൽ' തന്നെ സ്വർഗ്ഗം പണിയാമെന്ന് പറഞ്ഞതോ,,,?

എനിക്കറിയാം ''എന്റെ സ്വാതന്ത്രം'' എവിടെ അവസാനിക്കുന്നുവെന്ന്. നിങ്ങൾ കൊണ്ട് വരുന്ന തെളിവുകൾ ഇവിടത്തെ സമൂഹവും കോടതിയും തീരുമാനിക്കട്ടെ, എന്തെ നിങ്ങൾ ഇത്രകാലം കാത്തിരുന്നത്. ഒരു കാര്യം എനിക്കുറപ്പാണ്. കേരളത്തിലെ ഭൂരിപക്ഷ മുസ്ലീങ്ങൾ പോലും അംഗീകരിക്കാത്ത ഒരു ''മഹല്ല് നിയമം'' ഈ ബഹുസ്വര സമൂഹത്തിൽ വിലപ്പോവില്ല.

വിവാഹത്തിന് ഗാനമേളയും ഡാന്‍സും; കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്ക്

ഇവിടെ വിഷയവും മറ്റൊന്നല്ല. ഈ മഹല്ലിൽ മാത്രം 'കർശനമായി നിരോധിച്ചിരുന്ന' പാട്ടും, ഡാൻസും, സ്ത്രീകളുടെ സ്റ്റേജിൽ കയറിയുള്ള ഫോട്ടോയെടുപ്പും, മൈക്കിലുള്ള സംസാരവും, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും' എന്ത് കൊണ്ട് പാടില്ല എന്ന് ഞാൻ ചോദിച്ചത്, എതിർത്തത്, എന്റെയും സഹോദരന്റെയും വിവാഹ റിസപ്‌ഷനിൽ നടപ്പിലാക്കിയത്. എന്നിട്ടും,,, നിങ്ങളെ ഭയന്ന് മറ്റൊരു നാട്ടിൽ കൊണ്ട് പോയി നടത്തിയിട്ടും വീടിനെ ബഹിഷ്കരിക്കുകയാണെന്ന് നിങ്ങൾ പറഞ്ഞപ്പോൾ, "ഞങ്ങൾ വീട്ടുകാർക്ക് അതിൽ ബന്ധമില്ല" തിരിച്ചെടുക്കണമെന്ന് അപേക്ഷിച്ച് അനിയൻ കൊടുത്ത കത്ത്. ആ കത്ത് നിങ്ങൾ കൈപറ്റുകയും 45 ദിവസമായിട്ടും അതിലൊരു പ്രതികരണവുമില്ലാതിരുന്നപ്പോൾ, തികച്ചും ഇസ്ലാമിക ജീവിതം നയിക്കുകയും നിങ്ങളുമായി സഹകരിക്കുകയും ചെയ്തിരുന്ന എന്റെ കുടുംബത്തിന് വേണ്ടി, അതിനൊരു പരിഹാരം തേടി മാത്രമാണ് ഞാൻ അത് എന്റെ സ്റ്റേറ്റിനെ അറിയിച്ചത്. പക്ഷെ, അതിനൊരു പ്രതികാരമായി നിങ്ങൾ എന്നെ വേട്ടയാടുന്നു.

മഹല്ലിൽ അവർ യോഗം കൂടി തീരുമാനിച്ചത്, ഏത് വലിയ വക്കീലിനെ വെച്ചും എനിക്കെതിരെ കേസുമായി മുന്നോട്ട് പോകണമെന്ന്, അതിന് വേണ്ടി എത്ര കാശും മുടക്കാൻ ആളുണ്ടത്രേ,,,

ഞാൻ ചെയ്തത് എന്താണ്. തൊട്ടപ്പുറത്തെ മഹല്ലിൽ ജീവിക്കുന്നതും മുസ്ലീങ്ങളാണ്, അവരും ഇസ്ലാമിലും ഈമാൻ കാര്യങ്ങളിലും വിശ്വസിക്കുന്നവരാണ്. അവിടെയൊക്കെ കല്ല്യാണങ്ങൾക്ക് 'മാന്യമായ' ഗാനമേള അടക്കമുള്ള എല്ലാ ആഘോഷങ്ങളും നടക്കുന്നു. കലയെ കലയായി കാണാനും വിശ്വാസങ്ങളെ വിശ്വാസമായി മുറുകെ പിടിക്കാനും അവർക്ക് കഴിയുന്നു. സർഗ്ഗാത്മകതകൾ ജൈവീകമാണ് മനുഷ്യരെ. "യുദ്ധം ജയിച്ചു വന്നിരുന്ന മുഹമ്മദ് നബിയെ നടുവിലിരുത്തി ചുറ്റിനും നിരന്ന് നിന്ന സഹാബാക്കൾ വാളും പരിചയും കൂട്ടിമുട്ടിച്ച്‌ ഒരു പ്രത്യേക താളത്തിൽ പാട്ട് പാടി കളിച്ചിരുന്നതായി ഞാൻ എവിടെയോ വായിച്ചതോർക്കുന്നു". ഇവിടെ മാത്രം ഇതെന്താണ് ഇങ്ങനെ, ഓരോ മഹല്ലിനും ഓരോ ശരീഅത്താണോ, ഏതാണ് 'യഥാർത്ഥ ഇസ്ലാം' എന്ന് എന്നെയും ഈ സമൂഹത്തേയും ബോധ്യപ്പെടുത്താനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. ഇല്ലെങ്കിൽ,,,, ഇനിയും ആദിൽ അഹമ്മദും അമീറുൽ ഇസ്ലാമും അജ്‌മൽ കസബുമൊക്കെ ഇവിടെ ജനിച്ചു കൊണ്ടേയിരിക്കും. മഹത്തായ ഇന്ത്യൻ ഭരണഘടനയുള്ള, ഓരോ പൗരനും മൗലികാവകാശങ്ങളുള്ള നമ്മുടെ കേരളത്തിലെ ഒരു നാട്ടിലല്ലേ ഈ മഹല്ലും സ്ഥിതി ചെയ്യുന്നത്. 'സമൂഹത്തിൽ അപമാനപ്പെട്ടു' എന്ന തോന്നലിൽ ചില പ്രത്യേക 'ആൾക്കൂട്ടങ്ങൾ' നാട്ടിലും വിദേശത്തിരുന്നും വൻ ഗൂഢാലോചനകൾ എനിക്കെതിരെ നടത്തുന്നതായി മനസ്സിലാക്കുന്നു.

കഴിഞ്ഞ ദിവസം നമ്മുടെ 40' തിൽ അധികം ജവാന്മാരെ കൊലപ്പെടുത്തിയ ആദിൽ അഹമ്മദിനെപോലുള്ളവരുടെ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഈ മഹല്ലിലുള്ളവർ ഒരുമിച്ച് കൂടിയോ,, ഇന്നോവയിൽ പെൺകുട്ടിയ പീഡിപ്പിച്ച അത്തരം മുസ്ലിയാമാർക്കെതിരെ ഇവർ കമ്മറ്റി കൂടി പ്രസ്ഥാവനകൾ പുറപ്പെടുവിച്ചോ, മഹല്ലിൽ നടക്കുന്ന മറ്റ് എത്രയോ അനിസ്ലാമിക പ്രവർത്തനങ്ങൾക്കെതിരെ ഇവരെപ്പോഴെങ്കിലും ഒരുമിച്ച്കൂടി പ്രതിജ്ഞയെടുത്തിട്ടുണ്ടോ, ഇന്ന് വരെ, മഹല്ലിലെ മറ്റ് ഏതെങ്കിലും ഇസ്ലാമിക വിധ്വംസക പ്രവർത്തനങ്ങൾ ഇവരെ അലോസരപ്പെടുത്തിയിട്ടുണ്ടോ, ഇല്ല എന്നതല്ലേ യാഥാർഥ്യം. ഡാനിഷ് റിയാസിനെതിരെ, അപേക്ഷ നിറഞ്ഞ അദ്ദേഹത്തിന്റെ ഒരു പോസ്റ്റിനെതിരെ, ഇവർ ഉണർന്നു. അതിന് വേണ്ടി പണവും പവറും അധികാരവും ഉപയോഗപ്പെടുത്താൻ പോകുന്നു. പൊതു ശത്രുവിനെ പോലെ...

എനിക്ക് വേണ്ടി വാദിക്കാൻ വക്കീലില്ല, പണമെറിയാൻ ആളില്ല. പക്ഷെ, എനിക്കെന്റെ സ്റ്റേറ്റിലും ഇവിടത്തെ കോടതിയിലും നിയമത്തിലും പരിപൂർണ്ണ വിശ്വാസമാണ്. എല്ലാത്തിനും മുകളിൽ ഞാനീ ഭരണഘടനയിൽ വിശ്വസിക്കുന്നു. ആൾബലമാണ് നീതിയുടെ അളവ് കോലെന്ന് വിശ്വസിക്കുന്ന മൂഢ സ്വർഗ്ഗത്തിലാണ് നിങ്ങൾ. സത്യമന്വേഷിച്ച്, നിവർന്ന് നിൽക്കാൻ ശേഷിയുള്ള ഒരുത്തനെങ്കിലും എന്റെ കൂടെയുണ്ടാകും.

ഈ ഗവൺമെന്റിനോട്, മാധ്യമങ്ങളോട്, രാഷ്ട്രീയ പാർട്ടികളോട്, നല്ലവരായ ഇസ്ലാം വിശ്വാസികളോട്, ഇവിടത്തെ പൊതു സമൂഹത്തിനോട്, എന്റെ സുഹൃത്തുക്കളോട്... ഞാൻ ഒറ്റക്കാണ്. എങ്കിലും പൊരുതും, അവസാന ശ്വാസം വരെ. ഒരിക്കൽ,,, ഒരിക്കൽ ഇവരുടെ ഭീഷണിക്ക് മുന്നിൽ എനിക്ക് വഴങ്ങേണ്ടി വന്നു, ഇനി ഇല്ല. എന്റെ ഉമ്മക്ക് ഒരു മകനും കൂടിയുണ്ട്. ഭാര്യ ഫാഥ്വിമക്ക് വിദ്യാഭ്യാസവുമുണ്ട്, അവർ ജീവിക്കും. 

click me!