ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ചൈന. പാകിസ്താന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് ചൈന വ്യക്തമാക്കി.
ഇന്ത്യയുമായി സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനയുടെ പൂര്‍ണപിന്തുണ പാകിസ്ഥാന് നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് യു ബൊരനെ ഉദ്ധരിച്ച് പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാക് മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് യു ബൊരന്‍ വ്യക്തമാക്കി.
കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ ചൈനയുടെ നിലപാട് സുസ്ഥിരവും വ്യക്തവുമാണ്. കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചുവെന്ന പ്രസ്താവന ചൈന നിഷേധിക്കുന്നത്.