സ്വതന്ത്ര പരാമാധികാര രാജ്യമായി പ്രഖ്യാപിച്ച് കാറ്റലോണിയ

By Web Desk  |  First Published Oct 27, 2017, 7:28 PM IST

സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. സ്വാതന്ത്ര്യ പ്രഖ്യാപന പ്രമേയം കാറ്റലോണിയൻ പാർലമെന്‍റ് വോട്ടിനിട്ട് പാസാക്കി.  സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നിയമസാധുതയില്ലെന്ന് സ്പെയിൻ വ്യക്തമാക്കി. ഇതോടെ സ്പയിനും കാറ്റലോണിയയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്.

കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏർപ്പെടുത്താൻ സ്പാനിഷ് സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് കാറ്റലോണിയൻ പാർലമെന്‍റിന്‍റെ  സ്വാതന്ത്ര്യ പ്രഖ്യാപനം.  പാർമെന്‍റിൽ നടന്ന വോട്ടെടുപ്പിൽ  70 അംഗങ്ങൾ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുകൂലിച്ചു. പത്തു പേർ എതിർത്തപ്പോൾ രണ്ടംഗങ്ങൾ വോട്ട് അസാധുവാക്കി. പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കാറ്റലോണിയയെ സ്വതന്ത്ര പരിമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുന്ന പ്രമേയം പാർലമെന്‍റ് പാസാക്കി. വോട്ടിംഗ്  നടപടികൾ തൽസമയം കാണാൻ ബാർസലോണ നഗരത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ സ്ക്രീനുകൾക്കു മുന്നിൽ ആയിരക്കണക്കിന് കാറ്റലോണിയക്കാരാണ് തടിച്ചുകൂടിയത്. പ്രഖ്യാപനത്തെ ജനക്കൂട്ടം ഹർഷാരവങ്ങളോടെ സ്വാഗതം ചെയ്തു.

Latest Videos

undefined

കാറ്റലോണിയക്കായി പുതിയ നിയമങ്ങൾ രൂപീകരിക്കാനും  സ്പെയിനുമായി തുല്യധികാരത്തിൽനിന്നുള്ള ചർച്ചകൾക്കും പ്രമേയത്തിൽ നിർദേശമുണ്ട്. അതേസമയം  സ്വാതന്ത്ര്യ പ്രഖ്യാപനം   നിയമപരമായി നിലനിൽക്കില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി മറിയാനോ റജോയി വ്യക്തമാക്കി. കാറ്റലോണിയയിൽ നിയമസംവിധാനം പുന:സ്ഥാപിക്കുമെന്നും വോട്ടെടുപ്പിന് തൊട്ടുപിന്നാലെ റജോയി ട്വിറ്ററിൽ കുറിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായ ഉടൻതന്നെ സ്പാനിഷ്  സെനറ്റ് കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കി. കാറ്റലോണിയയിൽ സ്പെയിനിന്‍റെ നേരിട്ടുള്ള ഭരണത്തിനും സെനറ്റ് അംഗീകാരം നൽകി.

സ്പെയിനും കാറ്റലോണിയയും തമ്മിലുള്ള രാഷ്ട്രീയ തർക്കം ഈ മാസം ഒന്നിന് നടന്ന ഹിതപരിശോധനയോടെയാണ്  കൂടുതൽ രൂക്ഷമായത്. ഹിതപരിശോധനയെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് സ്പെയിൻ നേരിട്ടത്. പുതിയ തലത്തിലേക്ക് വളർന്ന ആഭ്യന്തര രാഷ്ട്രീയ തർക്കം കലാപത്തിലേക്കും അടിച്ചമർത്തിലേക്കും വഴിമാറുമോ എന്നാണിനി കണ്ടറിയേണ്ടത്. അതേസമയം സ്പെയിനിനെ മാത്രമേ നിലവിൽ അംഗീകരിച്ചിട്ടുള്ളുവെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. കാറ്റലോണിയൻ പ്രശ്നം അധികാരമുപയോഗിച്ച് അടിച്ചമർത്തരുതെന്നും ചർച്ചകളിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രത്യാശയെന്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്‍ക് പറഞ്ഞു.

click me!