കൊച്ചി: കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എറണാകുളത്തെ ചില കോണ്‍ഗ്രസ് നേതാക്കളിലേക്കുകൂടി അന്വേഷണം നീളുന്നു. കെ. ബാബുവുമായി അടുപ്പമുളള ഇവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. എന്നാല്‍ കെ. ബാബുവുമായി പരിചയമേ ഉള്ളൂവെന്നും ബിനാമിയല്ലെന്നും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബാബുറാം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
കെ. ബാബുവിന്റെയും മക്കളുടെയും വീടുകളിലടക്കം പത്തുകേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന അതിവേഗം പൂര്‍ത്തിയാക്കാനാണു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതിനു ശേഷമാകും കെ. ബാബുവിനെയും കൂട്ടുപ്രതികളേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുക. എന്നാല്‍ എറണാകുളത്ത ചില കോണ്‍ഗ്രസ് നേതാക്കളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കെ. ബാബുവുമായി അടുപ്പമുളള ഇവരില്‍ ചിലര്‍ക്ക് ബിനാമി ഇടപാടുകളുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണിത്. ബിനാമിയായി പ്രതി ചേര്‍ക്കപ്പെട്ട ഭൂമി കച്ചവടക്കാരന്‍ ബാബുറാമിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ബാബുവിന്റെ ബിനാമിയല്ലെന്നും പരിചയം മാത്രമേ ഉളളുവെന്നും ബാബുറാം പ്രതികരിച്ചു.
ഇതിനിടെ കെ. ബാബുവിന്റ പഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നു ചിലരെ വൈകാതെ വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇവരില്‍ ചിലര്‍ നടത്തുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.