ഉപതെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോൺഗ്രസിന് ജയം; ഹരിയാനയില്‍ ബിജെപി മുന്നില്‍

By Web Team  |  First Published Jan 31, 2019, 1:23 PM IST

രാജസ്ഥാനിലെ രാംഘട്ടിൽ ബി ജെ പി സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ്. ഇതോടെ 200 അംഗ നിയമസഭയിൽ കോൺഗ്രസ്‌ അംഗബലം 100 ആയി. ഹരിയാനയിലെ ജിന്ദ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.


ദില്ലി:  ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ രാം ഘട്ട് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിന് ജയം. കോൺഗ്രസ്‌ സ്ഥാനാർഥി സഫിയ സുബൈർ ഖാൻ 12,228 വോട്ടിനു ജയിച്ചു.  ഹരിയാനയിലെ ജിന്ദിൽ ബി ജെ പിയാണ് മുന്നില്‍. 

രാജസ്ഥാനിലെ ബി ജെ പി നിയമസഭാ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസ്‌ അംഗബലം 100 ആയി. ഇതോടെ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിന് കേവല ഭൂരിപക്ഷമായി. ബി ജെ പിയുടെ സുഖ് വാന്ത് സിങ്ങിനെയാണ് സാഫിയ അട്ടിമറിച്ചത്.  തുടക്കം മുതലേ രാംഗറില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമായിരുന്നു കണ്ടത്. ഇവിടെ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍ സിങ്ങിന്റെ മകന്‍ ജഗത് സിങ്ങ് മൂന്നാം സ്ഥാനത്താണ്.

Latest Videos

undefined

ഹരിയാനയിലെ ജിന്ദ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഐ എന്‍ ഐ ല്‍ ഡി സിറ്റിംഗ് സീറ്റായ ജിന്ധില്‍ നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി ജെ പി നേരിയ ലീഡ് നേടിയിട്ടുണ്ട്. ആദ്യ മൂന്ന് റൗണ്ടുകളില്‍ ജനനായക് ജനതാ പാര്‍ട്ടി മുന്നിലെത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇവിടെ ബഹൂദുരം പിന്നിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ഫലം നിർണായകമാണ്.

ഐഎന്‍എല്‍ഡിയുടെ സിറ്റിങ് സീറ്റാണ് ജിന്ദ്. ഹരിചന്ദ് മിദ്ധയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ കൃഷ്ണ മിദ്ധയെയാണ് ബി ജെ പി ഇവിടെ മത്സരിപ്പിച്ചത്. ഐഎന്‍എല്‍ഡി സ്ഥാനാര്‍ഥി നിലവില്‍ നാലാം സ്ഥാനത്താണ്.
 

click me!