തൃശൂര്‍: സാംസ്‌കാരിക തലസ്ഥാന നഗരയില്‍ വീണ്ടും കലാവസന്തം വിരിയിച്ച ബഡ്‌സ് മേളയ്ക്ക് സമാപനം. 46 പോയിന്റ് നേടിയ കാരുണ്യ കൊണ്ടാഴി ബിആര്‍സി ഓവറോള്‍ ചാമ്പ്യന്‍മാരായി. കൊണ്ടാഴി ബിആര്‍സിയിലെ അനീഷ് എ.സി വ്യക്തിഗത ചാമ്പ്യനായി.
ജില്ലയിലെ ഭിന്നശേഷിയുളള വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രി ജില്ലാ മിഷനാണ് ബഡ്‌സ് ഫെസ്റ്റ് 'ഉണര്‍വ്വ് 2018' എന്ന പേരില്‍ സംഘടിപ്പിച്ചത്. ലളിതഗാനം, നാടോടിനൃത്തം, പ്രച്ഛന്നവേഷം, ശബ്ദാനുകരണം, സിനിമാഗാനം, സംഘനൃത്തം, ആഗ്യപാട്ട്, വാദ്യോപകരണം, പദ്യംചൊല്ലല്‍, പെന്‍സില്‍ ഡ്രോയിംങ്, കളറിംങ് എന്നീ ഇനങ്ങളിലാണ് കുടുംബശ്രീ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ജില്ലയിലെ മൂന്ന് ബഡ്‌സ് സ്‌കൂളുകളും, ആറ് ബിആര്‍സി (ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍) കളില്‍ നിന്നുമായി നൂറ്റിനാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ ബഡ്‌സ് ഫെസ്റ്റില്‍ പങ്കെടുത്തു. തൊണ്ണൂറ്റിമൂന്ന് വിദ്യാര്‍ത്ഥികള്‍ കലാമത്സരങ്ങളിലപം പങ്കാളികളായി. പാട്ടിലും നൃത്തത്തിലും വരയിലും പ്രച്ഛന്നവേഷത്തിലും ശബ്ദാനുകരണത്തിലും കാണികളെ കണ്ണഞ്ചിപ്പിക്കുംവിധമായിരുന്നു വിദ്യാര്‍ത്ഥികളുടെ ഭാവപ്രകടനങ്ങള്‍.
undefined
പഴമ നിലനിര്‍ത്തിക്കൊണ്ട് പെരുന്തച്ചനും, കാക്കാത്തിയും അരങ്ങിലെത്തിയപ്പോള്‍ പുത്തന്‍ ട്രെന്‍ഡായ ജിമിക്കി കമ്മലും രംഗം ഉഷാറാക്കി. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളെ വെല്ലുവിളിക്കുന്ന രീതിയിലാണ് ബഡ്‌സ് വിദ്യാര്‍ത്ഥികള്‍ ശബ്ദാനുകരണത്തില്‍ മാറ്റുരയ്ച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ബഡ്‌സ് / ബിആര്‍സി അധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും സദസ്സിലുണ്ടായിരുന്നു.
സമൂഹത്തില്‍ ഒറ്റപ്പെടലും അവഗണനയും അനുഭവിക്കുന്ന ഭിന്നശേഷികുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ച് ബഡ്‌സ് സ്‌കൂള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ബഡ്‌സ് വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ ഉണര്‍വ്വ് 2018 സംഘടിപ്പിച്ചത്. ജില്ലാതല ബഡ്‌സ് ഫെസ്‌ററില്‍ വിജയികളാവുന്നവര്‍ക്ക് സംസ്ഥാനതല ബഡ്‌സ് ഫെസ്റ്റിലില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും. ബഡ്‌സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും മേളയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യസഹായത്തിനായി തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മെഡിക്കല്‍ സംഘവും മേളയില്‍ സജീവമായിരുന്നു. ഒളരി പ്രിയദര്‍ശനി ഹാളില്‍ നടന്ന ബഡ്‌സ് ഫെസ്റ്റിന്റെ സമാപനവും സമ്മാന ദാനവും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.