അന്ധേരിയിൽ റെയില്‍വേ പാളത്തിലേക്ക് മേൽപ്പാലം തകർന്ന് വീണു; ആറ് പേര്‍ക്ക് പരിക്ക്

By Web Desk  |  First Published Jul 3, 2018, 2:22 PM IST
  • രണ്ട് പേരുടെ നില ഗുരുതരം
  • ട്രെയിന്‍ സര്‍വ്വീസില്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി

മുബൈ: കനത്ത മഴയെ തുടർന്ന് മുംബൈ അന്ധേരിയില്‍ റെയില്‍വേ പാളത്തിലേക്ക് മേല്‍പ്പാലത്തിന്റെ നടപ്പാത തകര്‍ന്നുവീണു. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ​ഗരുതരമാണ്. മഴയിൽ മേല്‍പ്പാലം തകർന്ന് റെയിൽവെ ട്രാക്കിൽ വീഴുകയായിരുന്നു. അന്ധേരി ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഗോഹലെ പാലമാണ് തകർന്ന് വീണത്. അപകടത്തെത്തുടര്‍ന്ന് പടിഞ്ഞാറുഭാഗത്തേക്കുള്ള സബര്‍ബന്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു.

Latest Videos

തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങിയിട്ടുണ്ടെന്ന് അഗ്‌നിശമന സേനാഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിന്റെ തകര്‍ന്നു വീണ ഭാഗങ്ങള്‍ റെയില്‍വേ പാളത്തില്‍നിന്ന് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ദീര്‍ഘദൂര തീവണ്ടി സര്‍വീസുകള്‍ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. എത്രയും വേഗം യാത്രാ പ്രതിസന്ധി പരിഹരിക്കുമെന്ന് റെയിൽവേ വക്താവ് രവീന്ദർ ഭകർ അറിയിച്ചു. അന്ധേരിയിൽ റെയിൽവെ അധികൃതരുടെ നേതൃത്വത്തിൽ ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. സംഭവസമയം ട്രെയിന്‍ സര്‍വീസ് ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ഈ പാലം വഴി സഞ്ചരിക്കുന്നത്.


 

click me!