തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വര്‍ഷം തോറും കൂടി വരുന്നതായി സംസ്ഥാന ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ കണക്ക്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികൾക്കെതിരെയായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വൻ വര്‍ദ്ധനവാണ് ഉള്ളത്. പതിനെട്ട് വയസ്സിൽ താഴെയുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാ കണക്കും ആശങ്കയുണ്ടാക്കും വിധം സംസ്ഥാനത്ത് കൂടുന്നു എന്നാണ് പഠനം
2015 ൽകേരളത്തിൽ രജിസ്റ്റർ ചെയ്തത് 1560 പോക്സോ കേസുകൾ. 2016 ൽ ഇത് 2090 ആയി ഉയര്‍ന്നു. ഈ വർഷം ഓഗസ്റ്റ് വരെ മാത്രമുള്ള കണക്കെടുത്താൽ പോലും 1780 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിൽ തന്നെ ബലാൽസംഗക്കേസുകളുടെ എണ്ണവും ഞെട്ടിക്കുന്നതാണ് . 2015 ൽ രജിസ്റ്റര്‍ ചെയ്തത് 720 കേസ്. അടുത്ത വര്‍ഷം 925 ആയി . 2017 ജനുവരി മുതൽ ഓഗസ്റ്റ് വരെ മാത്രം 90 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലപ്പോഴും കാരണം പോലും അറിയാത്ത ആത്മഹത്യകൾക്ക് മുന്നിൽ കേരളം പകച്ച് നിൽക്കുന്പോഴാണ് കുട്ടികളുടെ ആത്മഹത്യ കണക്കുകൾ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. അതിൽ തന്നെ പെണ്‍കുട്ടികളാണ് കൂടുതൽ.
2014 ൽ മൊത്തം ആത്മഹത്യകളിൽ 24.8 ശതമാനം സ്തീകൾ,ഇതേ വര്‍ഷം 18 വയസ്സ് വരെയുള്ള കുട്ടികളിൽ പെണ്‍കുട്ടികളുടെ കണക്കെടുത്താൽ 56.06 ശതാനം. 2015 ൽ ഇത് യഥാക്രമം 24.23 ശതമാനവും 50 ശതമാനവുമായിരുന്നു. 2016 ൽ സ്ത്രീകളുടെ ആത്മഹത്യാ കണക്ക് 22.97 ശതമാനം. പക്ഷെ പെണ്‍കുട്ടികളുടെ ആത്മഹത്യാ കണക്ക് 57.85 ശതമാനമായി ഉയര്‍ന്നു. കുട്ടികളിൽ കൂടി വരുന്ന ആത്മഹത്യാ പ്രവണതയുക്കുള്ള പരിഹാരമെന്ന നിലയിൽ വിടരും മുൻപെ കൊഴിയുന്ന മൊട്ടുകൾ എന്ന പേരിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടിക്കൊരുങ്ങുകയാണ് സാമൂഹ്യ സുരക്ഷാ വകുപ്പ്.