രാജ്യത്തുടനീളമുള്ള വിവിധ പരിപാടികൾക്കായി ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യൽ എന്നിവ സൊമാറ്റോ വഴി ചെയ്യാം.
ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ഉടൻ തന്നെ ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ സിനിമ, ഇവന്റ് ടിക്കറ്റിംഗ് ബിസിനസ് സംരംഭം ഏറ്റെടുത്തേക്കും . ഈ ഇടപാടുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് സൊമാറ്റോ സ്ഥിരീകരിച്ചു. എന്നാൽ ഇത് വരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സൊമാറ്റോ വ്യക്തമാക്കി. തങ്ങളുടെ ബിസിനസ് കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും പേടിഎമ്മുമായുള്ള ചർച്ചയുടെ ലക്ഷ്യവും ഇതുതന്നെയാണെന്നും സൊമാറ്റോ അറിയിച്ചു. നിലവിൽ ആകെ 4 വിഭാഗങ്ങളിലായാണ് സൊമാറ്റോക്ക് ബിസിനസുകൾ ഉള്ളത്.പേടിഎമ്മുമായുള്ള കരാർ ഉറപ്പിച്ചാൽ, ഫുഡ് ഡെലിവറിക്ക് പുറമേ, സിനിമാ ടിക്കറ്റ് ബുക്കിംഗ് , രാജ്യത്തുടനീളമുള്ള വിവിധ പരിപാടികൾക്കായി ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യൽ എന്നിവ സൊമാറ്റോ വഴി ചെയ്യാം.
പേടിഎം അതിന്റെ സിനിമ , ഇവന്റ് ടിക്കറ്റിംഗ് ബിസിനസിന്റെ കണക്കുകൾ വെവ്വേറെ വെളിപ്പെടുത്തുന്നില്ല, എന്നാൽ 2024 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 1740 കോടി രൂപയുടെ വാർഷിക വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിൽ ക്രെഡിറ്റ് കാർഡ് മാർക്കറ്റിംഗും ഗിഫ്റ്റ് വൗച്ചറുകളും ഉൾപ്പെടുന്നു.
രണ്ട് കമ്പനികളും തമ്മിലുള്ള ഇടപാടിന്റെ തുക എത്രയായിരിക്കുമെന്ന് വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, സോമാറ്റോ-പേടിഎം ഇടപാട് 1,600 കോടി മുതൽ 2,000 കോടി രൂപ വരെയായിരിക്കുമെന്നാണ് സൂചന. 2021-ൽ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ഏറ്റെടുത്തതിന് ശേഷം സൊമാറ്റോയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും ഇത് .