ചരക്ക് സേവന നികുതി, റെസ്റ്റോറൻ്റ് നിരക്കുകൾ, ഡെലിവറി ഫീസ് എന്നിവ കൂടാതെ ഓരോ ഭക്ഷണ ഓർഡറിനും ബാധകമായ അധിക ചാർജാണ് പ്ലാറ്റ്ഫോം ഫീസ്.
മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് നിരക്ക് വർധന. 7 രൂപയിൽ നിന്ന് 10 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചിരിക്കുന്നത്. ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും 10 രൂപ ഇനി അധികമായി നൽകേണ്ടി വരും.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. 2 രൂപയായിരുന്നു ആദ്യത്തെ ചാർജ്. പിന്നീട് ഫീസ് 3 രൂപയാക്കി ഉയർത്തി, ജനുവരി 1 ന് വീണ്ടും 4 രൂപയായി ഉയർത്തി. ഡിസംബർ 31 ന് പ്ലാറ്റ്ഫോം ഫീസ് 9 രൂപയായി താൽക്കാലികമായി ഉയർത്തിയിരുന്നു.
ചരക്ക് സേവന നികുതി, റെസ്റ്റോറൻ്റ് നിരക്കുകൾ, ഡെലിവറി ഫീസ് എന്നിവ കൂടാതെ ഓരോ ഭക്ഷണ ഓർഡറിനും ബാധകമായ അധിക ചാർജാണ് പ്ലാറ്റ്ഫോം ഫീസ്.
ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേസമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും. സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്. അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് 10 രൂപ വീതം ലഭിച്ചാൽ കമ്പനിക്ക് ദിവസവും 2 കോടി രൂപ അധികം ലഭിക്കും. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്.