21 മാസത്തെ താഴ്ന്ന നിരക്കിൽ മൊത്ത വില പണപ്പെരുപ്പം; ഭക്ഷ്യവില കുറയുന്നു

By Web Team  |  First Published Dec 14, 2022, 1:55 PM IST

മൊത്തവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം താഴേക്ക്. ഭക്ഷ്യവസ്തുക്കളുടെ വില ഇടിഞ്ഞു. പച്ചക്കറികൾക്കാണ് ഈ വർഷത്തിൽ ഏറ്റവും ഉയർന്ന വിലയിടിവ്
 


ദില്ലി: ഇന്ത്യയുടെ  മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 21 മാസത്തെ താഴ്ന്ന നിരക്കിലേക്ക് എത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിലെ 8.39 ശതമാനത്തിൽ നിന്നും രാജ്യത്തെ മൊത്തവില പണപ്പെരുപ്പം നവംബറിൽ  5.85 ശതമാനമായി കുറഞ്ഞു. 

തുടർച്ചയായ രണ്ടാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടക്കത്തിന് താഴെ നിൽക്കുന്നത്. ഒക്ടോബറിനുമുമ്പ്,2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 മാസങ്ങളിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലായിരുന്നു.

Latest Videos

undefined

അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ മൊത്തവില പണപ്പെരുപ്പം 14.87 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.02 ശതമാനമാണ് പണപ്പെരുപ്പം കുറഞ്ഞത്. 

നവംബറിൽ പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം ഭക്ഷ്യവസ്തുക്കൾ, അടിസ്ഥാന ലോഹങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, രാസ ഉൽപന്നങ്ങൾ, പേപ്പർ, പേപ്പർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിടിവാണ് എന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നു. പച്ചക്കറികൾക്കാണ് ഈ വർഷത്തിൽ ഏറ്റവും ഉയർന്ന വിലയിടിവ് രേഖപ്പെടുത്തിയത്. 20.08 ശതമാനം ഇടിവാണ് ഉണ്ടായത്. ഇതിൽ തന്നെ 19.19 വിലയിടിവ് ഉണ്ടായത് ഉള്ളിക്കാണ്. 

ഭക്ഷ്യ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2022 ഒക്ടോബറിലെ 6.48 ശതമാനത്തിൽ നിന്ന് 2022 നവംബറിൽ 2.17 ശതമാനമായി കുറഞ്ഞു. അതേസമയം, 17.35 ശതമാനം വളർച്ചയോടെ ഇന്ധന, ഊർജ്ജ വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഇന്ധനവും വൈദ്യുതിയും മാത്രമാണ് മാസാമാസം വിലകയറ്റം നേരിടുന്നത്. ഒക്ടോബറിനെ അപേക്ഷിച്ച് 2.84 ശതമാനമാണ് ഉയർന്നത്. അസംസ്‌കൃത പെട്രോളിയം, പ്രകൃതി വാതകം എന്നിവയിൽ നവംബറിൽ 48.23 ശതമാനമായിരുന്നു പണപ്പെരുപ്പം.

click me!