പുതിയതായി അമേരിക്കയില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സി അഥവാ ഡോജിന്‍റെ ചുമതലയാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ളത്.
ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ പ്രധാന വകുപ്പുകളില്ലൊം അപ്രതീക്ഷിത വ്യക്തികളെയാണ് തലപ്പത്തേക്ക് നിയമിക്കുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടത്തില്‍ ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയിരുന്ന രണ്ട് പേരാണ് ഇലോണ്‍ മസ്കും, കേരളത്തില്‍ വേരുകളുള്ള വിവേക് രാമസ്വാമിയും. പുതിയതായി അമേരിക്കയില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സി അഥവാ ഡോജിന്‍റെ ചുമതലയാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ളത്. ട്രംപിന്‍റെ പ്രചാരണത്തില്‍ മുന്‍നിരയില്‍ നിന്ന വ്യക്തിയാണ് ഇലോണ്‍ മസ്ക്. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറി ട്രംപിന് വേണ്ടി രംഗത്തിറങ്ങിയ ആളാണ് വിവേക് രാമസ്വാമി
എന്താണ് ഡോജ്?
പാഴ്ചെലവുകളും ഉദ്യോഗസ്ഥ ദുഷ്പഭുത്വവും ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് ഡോജ് സ്ഥാപിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഡോജ് എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് ഇപ്പോഴും പൂര്‍ണമായി വ്യക്തമായിട്ടില്ല. മസ്കും, വിവേക് രാമസ്വാമിയും ഒരുമിച്ച്, ഗവണ്‍മെന്‍റ് ബ്യൂറോക്രസിയെ തകര്‍ക്കുകയും അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുകയും പാഴ് ചെലവുകള്‍ ഇല്ലാതാക്കുകയും ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കുകയും ചെയ്ത് പുതിയ ഭരണകൂടത്തിന് വഴിയൊരുക്കുമെന്ന് ട്രംപ് വ്യക്തമാക്കുന്നു. വലിയ തോതിലുള്ള ഘടനാപരമായ പരിഷ്കരണങ്ങള്‍ നടത്തുന്നതിനും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു സംരംഭക സമീപനം സൃഷ്ടിക്കുന്നതിനും ഉള്ള ഏജന്‍സിയായിരിക്കും ഡോജ് എന്നാണ് ട്രംപ് പുതിയ വകുപ്പിനെ കുറിച്ച് നല്‍കുന്ന വിശദീകരണം. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്‍റെ 250-ാം വാര്‍ഷികത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച സമ്മാനം കൂടുതല്‍ ശേഷിയും കുറഞ്ഞ ബ്യൂറോക്രസിയുമുള്ള ഒരു സര്‍ക്കാരായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫെഡറല്‍ ബജറ്റ് 2 ട്രില്യണ്‍ ഡോളര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇലോണ്‍ മസ്ക് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഇത് എങ്ങനെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഡോജ് 'മാന്‍ഹട്ടന്‍ പ്രോജക്റ്റ്' ആകുമെന്ന് ട്രംപ്
ഗവണ്‍മെന്‍റിന്‍റെ ചെലവ് ചുരുക്കലും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എങ്ങനെ ചെയ്യുമെന്നതിനെക്കുറിച്ച് വിശദമായ പദ്ധതിയൊന്നും അവതരിപ്പിച്ചിട്ടില്ല, എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് തന്‍റെ അഭിലാഷ പദ്ധതിയെ 'ദ മാന്‍ഹട്ടന്‍ പ്രോജക്റ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. മാന്‍ഹട്ടന്‍ പദ്ധതിയിലൂടെയാണ് അമേരിക്ക ലോകത്തിലെ ആദ്യത്തെ അണുബോംബ് നിര്‍മ്മിച്ചത്. 1942-ല്‍ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലാണ് ഈ പദ്ധതി ആരംഭിച്ചത്.