എസ്ഐപി നിക്ഷേപങ്ങള്‍ തന്ത്രപരമായി ക്രമീകരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് 7-5-3-1 നിയമം
മ്യൂച്വല്‍ ഫണ്ടുകളിലെ ഏറ്റവും ജനപ്രിയമായ നിക്ഷേപ തന്ത്രങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍, അഥവാ എസ്ഐപി. ഒരു വലിയ തുക ഒറ്റയടിക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് പകരം ചെറിയ തുക വീതം നിക്ഷേപിക്കുന്നതാണ് എസ്ഐപി. എല്ലാ മാസവും ഒരു നിശ്ചിത തീയതിയില്‍ നിക്ഷേപകന്‍റെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് മുന്‍കൂട്ടി നിശ്ചയിച്ച തുക ഡെബിറ്റ് ചെയ്യുകയും മ്യൂച്വല്‍ ഫണ്ടിലേക്ക് ഇലക്ട്രോണിക് ആയി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുന്നു. എസ്ഐപി നിക്ഷേപങ്ങള്‍ തന്ത്രപരമായി ക്രമീകരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് 7-5-3-1 നിയമം
എന്താണ് 7-5-3-1 നിയമം?
7 - ഏഴ് വര്‍ഷത്തെ നിക്ഷേപം:
7531 നിയമത്തിന്‍റെ ആദ്യ അടിസ്ഥാന തത്വം 7 വര്‍ഷത്തെ നിക്ഷേപ സമയമാണ്. ഓഹരി വിപണികളില്‍ ചുരുങ്ങിയത് 7 വര്‍ഷത്തെ കാലയളവില്‍ നിക്ഷേപം നടത്തുമ്പോള്‍ മികച്ച റിട്ടേണ്‍ നല്‍കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ കാലത്തേക്കുള്ള നിക്ഷേപം ഓഹരി വിപണികളില്‍ നിന്ന് പ്രതീക്ഷിച്ച രീതിയിലുള്ള റി്ട്ടേണ്‍ ലഭിക്കുന്നതിന് സഹായകരമല്ലെന്ന് ഓര്‍ക്കുക.
5 - അഞ്ച് എസ്ഐപികള്‍:
പ്രാരംഭ നിക്ഷേപ തുക നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍, അടുത്ത ഘട്ടം അതിനെ അഞ്ച് വ്യത്യസ്ത സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകളായി വിഭജിക്കുക എന്നതാണ്. ഓരോ എസ്ഐപിയും വ്യത്യസ്ത മ്യൂച്വല്‍ ഫണ്ട് സ്കീമിനെയോ വിഭാഗത്തെയോ പ്രതിനിധീകരിക്കണം. വിവിധ ഫണ്ടുകളിലുടനീളം നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിക്കുന്നത് അപകടസാധ്യത കുറയ്ക്കുന്നതിനും റിട്ടേണിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
3 - മൂന്ന് അസറ്റ് ക്ലാസുകള്‍
7-5-3-1 നിയമം വിവിധ മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ മാത്രമല്ല, മൂന്ന് വ്യത്യസ്തമായ മേഖലകളിലും നിക്ഷേപിച്ച് വൈവിധ്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നു: ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് എന്നിവയാണിവ. ഇക്വിറ്റി ഫണ്ടുകള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളവയാണ്, എന്നാല്‍ ഉയര്‍ന്ന വരുമാനത്തിനുള്ള സാധ്യതയും വാഗ്ദാനം ചെയ്യുന്നു. ഡെറ്റ് ഫണ്ടുകള്‍ പൊതുവെ റിസ്ക് കുറവാണെങ്കിലും കൂടുതല്‍ സ്ഥിരതയുള്ള വരുമാനം നല്‍കുന്നു. ഹൈബ്രിഡ് ഫണ്ടുകള്‍ ഇക്വിറ്റിയും ഡെറ്റ് ഘടകങ്ങളും സംയോജിപ്പിച്ചുള്ള നേട്ടം ഉറപ്പാക്കുന്നു.
1 - ഒറ്റത്തവണ നിക്ഷേപം:
ഒറ്റത്തവണ നിക്ഷേപത്തിനായി ഒരു ഭാഗം നീക്കിവയ്ക്കുന്നതാണിത്. പോര്‍ട്ട്ഫോളിയോ സന്തുലിതമാക്കുന്നതിനും വിപണിയിലെ മാന്ദ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ഒരു ഫണ്ടില്‍ ഒറ്റത്തവണ നിക്ഷേപിക്കുന്നതിലൂടെ സാധിക്കും.