ആദ്യ റൗണ്ടിൽ രണ്ട് മുതിർന്ന വൈസ് പ്രസിഡന്റുമാർ പുറത്തേക്ക്. പിരിച്ചിവിടുന്നവർക്കുള്ള അറിയിപ്പ് അടുത്ത നാല് ദിവസത്തിനുള്ളിൽ
ലണ്ടൻ: ജീവനക്കാരെ പിരിച്ച് വിടാൻ ഡിസ്‌നി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ആദ്യഘട്ടത്തിൽ 5.5 ബില്യൺ ഡോളർ അതായത് ഏകദേശം 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനായി 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച അറിയിപ്പ് സിഇഒ ബോബ് ഇഗർ ഇന്നലെ ജീവനക്കാർക്ക് നൽകി കഴിഞ്ഞു.
ആദ്യ ഘട്ടത്തിൽ പുറത്തേക്ക് പോകേണ്ട ജീവനക്കാർക്കുള്ള അറിയിപ്പ് അടുത്ത നാല് ദിവസത്തിനുള്ളിൽ ലഭിക്കും. ഏപ്രിലിൽ രണ്ടാം ഘട്ട പിരിച്ചുവിടലുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിൽ ഡിസ്നിയിൽ ഏകദേശം 1,90,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനായും കമ്പനിയുടെ പ്രവർത്തന ഘടന പുനസംഘടിപ്പിക്കാനുമാണ് നീക്കം.
ALSO READ: ജാക്ക് മാ ചൈനയിൽ; ആലിബാബ സ്ഥാപകന്റെ തിരിച്ചു വരവോ?
2022 നവംബറിൽ മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് കമ്പനിയുടെ സിഇഒ സ്ഥാനം റോബർട്ട് ഇഗർ ഏറ്റെടുത്തു. കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ചുമതല ഇഗറിനുണ്ട്. അതിനാൽത്തന്നെ ഇഗർ ചുമതലയേറ്റ ഉടൻ തന്നെ ഡിസ്‌നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി ആരംഭിച്ചതായാണ് സൂചന. 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1 ബില്യൺ ഡോളർ നഷ്ടമായ കമ്പനിയുടെ സ്ട്രീമിംഗ് ടിവി ബിസിനസുകളെ ലാഭകരമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
അടുത്ത നാല് ദിവസത്തിനുള്ളിൽ കമ്പനിയിൽ നിന്നും പുറത്തുപോകേണ്ട ജീവനക്കാരുമായി ആശയ വിനിമയം നടത്തുമെന്ന് ഇഗർ പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിലിൽ രണ്ടാമത്തെ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: വിപണിയിൽ 'വിലയുദ്ധം'; കരുനീക്കി മുകേഷ് അംബാനി
ഹുലുവിലെയും ഫ്രീഫോം നെറ്റ്‌വർക്കിലെയും നിർമ്മാണത്തിന് നേതൃത്വം നൽകിയ രണ്ട് മുതിർന്ന വൈസ് പ്രസിഡന്റുമാരെ ആദ്യ ഘട്ടത്തിൽ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ടിവി ഷോകൾക്കായി പുസ്‌തകങ്ങൾ, പോഡ്‌കാസ്റ്റുകൾ, മറ്റ് സ്റ്റോറികൾ എന്നിവയ്ക്ക് ലൈസൻസ് നൽകിയ യൂണിറ്റിനെയും പിരിച്ചുവിട്ടതായാണ് സൂചന. തീം പാർക്കുകൾ, ഇഎസ്‌പിഎൻ സ്‌പോർട്‌സ് നെറ്റ്‌വർക്കുകൾ എന്നിവയുൾപ്പെടെ കമ്പനിയുടെ എല്ലാ വിഭാഗങ്ങളെയും പുനഃസംഘടിപ്പിക്കും.