മാന്ദ്യത്തിന്റെ പിടിയിലേക്കോ യുഎസ്? ആശങ്ക പരക്കുന്നു, ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്

By Web Team  |  First Published Aug 2, 2024, 4:55 PM IST

അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായുള്ള കണക്കുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.


മേരിക്ക മാന്ദ്യത്തിലേക്കോ..? ആശങ്കാജനകമായ കണക്കുകള്‍ പുറത്തുവന്നതോടെ യുഎസ് സമ്പദ് വ്യവസ്ഥ സംബന്ധിച്ച ഊഹാപോഹങ്ങളും പരക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണികളെയും ഇത് പ്രതികൂലമായി ബാധിച്ചു. സെന്‍സെക്സ് ഇന്ന് ആയിരത്തോളം പോയിന്‍റാണ് താഴ്ന്നത്. നാലര ലക്ഷം കോടിയോളം രൂപയാണ്  നിക്ഷേപകര്‍ക്ക് നഷ്ടമായത്. സെന്‍സെക്സ് 885 പോയിന്‍റ് താഴ്ന്ന് 80,981ലും നിഫ്റ്റി 293 പോയിന്റ് നഷ്ടത്തില്‍ 24,717ലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. ടാറ്റ മോട്ടോഴ്‌സും മാരുതി സുസുക്കിയും 4% വരെ ഇടിവ് നേരിട്ടു. ടാറ്റ സ്റ്റീലും മൂന്ന് ശതമാനം ഇടിവ് നേരിട്ടു. ലാർസൻ ആൻഡ് ടൂബ്രോ, ടെക് മഹീന്ദ്ര, അദാനി പോർട്ട്‌സ്, എൻടിപിസി, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രധാനപ്പെട്ട ഓഹരികള്‍

അമേരിക്ക തകര്‍ച്ചയിലേക്കോ?

Latest Videos

അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായുള്ള കണക്കുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിന് പുറമേ ഉല്‍പാദന വളര്‍ച്ച കുറഞ്ഞതും രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയര്‍ത്താന്‍ കാരണമായി.അടുത്ത എട്ട് മാസങ്ങള്‍ക്കപ്പുറം അമേരിക്ക മാന്ദ്യത്തിന്‍റെ പിടിയിലകപ്പെടുമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നാണ് പല വിദഗ്ധരും നല്‍കുന്ന സൂചന. ഫാക്ടറികളിലെ ഉല്‍പാദനനം കണക്കാക്കുന്ന ഐഎസ്എം മാനുഫാക്ചറിംഗ് സൂചിക 46.8 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് 48.2 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ കണക്കുകള്‍ പുറത്തുവന്നതോടെ അമേരിക്കന്‍ ഓഹരി വിപണികളില്‍ ഇടിവുണ്ടായി. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണികളേയും പ്രതികൂലമായി ബാധിച്ചത്.

click me!