യുപിഐ ഇടപാടുകളുടെ സ്വീകാര്യത വർധിച്ചു വരുമ്പോൾ തന്നെ തട്ടിപ്പുകളും പെരുകുന്നുണ്ട്. ഒരു വ്യക്തിക്ക് യുപിഐ വഴി പ്രതിദിനം പരമാവധി എത്ര രൂപയുടെ ഇടപാട് നടത്താം
യുപിഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഈ വർഷം മെയ് മാസത്തിൽ മാത്രം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിപ്പ് വന്നത് അടുത്തിടെയാണ്. ആദ്യമായാണ് ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത്. യുപിഐ ഇടപാടുകളുടെ സ്വീകാര്യത വർധിച്ചു വരുമ്പോൾ തന്നെ തട്ടിപ്പുകളും പെരുകുന്നുണ്ട് എന്നതാണ് മറുവശം. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം എച്ച്‌ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഐസിഐസിഐ തുടങ്ങിയ ബാങ്കുകൾ യുപിഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്. യുപിഐ തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പണമിടപാടുകൾക്കും, ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിരിക്കുന്നത്.
വിവിധ ബാങ്കുകളുടെ പ്രതിദിന ഇടപാട് പരിധി
ഒരു വ്യക്തിക്ക് യുപിഐ വഴി പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ കഴിയുമെന്ന് എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്.. വിവിധ ബാങ്കുകളിൽ ഇടപാട് പരിധി വ്യത്യസ്തവുമാണ്.
25,000 രൂപയുടെ ഇടപാടുകൾ ആണ് കാനറ ബാങ്ക് അനുവദിക്കുന്ന പ്രതിദിന പരിധി. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1 ലക്ഷം രൂപയാണ് പ്രതിദിന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക്, യുപിഐ പരിധി 5,000 രൂപ ആണ്. ഐസിഐസിഐ ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ യുപിഐ പേയ്‌മെന്റുകൾ നടത്താം. ആക്‌സിസ് ബാങ്ക് യുപിഐ പേയ്‌മെന്റ് പരിധി ഒരു ലക്ഷം രൂപയാണ്. ബാങ്ക് ഓഫ് ബറോഡ ഇ അനുവദിക്കുന്ന പ്രതിദിന പരിധി 25,000 രൂപയാണ്.
യുപിഐ ഇടപാടുകൾക്ക് ഉള്ള പരിധിക്ക് പുറമേ, എൻപിസിഐ പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് പ്രതിദിനം 20 ഇടപാടുകൾ വരെ അനുവദനീയമാണ്. ഇടപാടുകൾ പുതുക്കുന്നതിന് 24 മണിക്കൂർ കാത്തിരിക്കുകയും വേണം. വ്യത്യസ്ത ബാങ്കുകളെ ആശ്രയിച്ച് പരിധി വ്യത്യാസപ്പെടും.
യുപിഐ ആപ്പ് പരിധി
ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ യുപിഐ എന്നി യുപിഐ ആപ്പുകളിലും ബാങ്ക് അക്കൗണ്ടിലുമായി മൊത്തം പത്ത് ഇടപാട് പരിധികൾക്കൊപ്പം പ്രതിദിനം ഒരു ലക്ഷം എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.കൂടാതെ, ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ ഉള്ള പണ അഭ്യർത്ഥനകൾ അയച്ചാൽ പ്രതിദിന ഇടപാട് പരിധി ജി പേ നിർത്തലാക്കും. ആമസോൺ പേ യുപിഐക്ക് പുതിയ ഉപഭോക്താക്കൾക്കുള്ള ഇടപാട് പരിധി ആദ്യ 24 മണിക്കൂറിനുള്ളിൽ 5,000 രൂപ മാത്രമായി കുറച്ചിട്ടുണ്ട്.